ഭർത്താവിനെ കൊലപ്പെടുത്തി അപകടമെന്ന് വരുത്തിതീർക്കാൻ ശ്രമം; ഭാര്യയും കാമുകനും പിടിയിൽ

ഭർത്താവിനെ കൊലപ്പെടുത്തി അപകടമെന്ന് വരുത്തിതീർക്കാൻ ശ്രമം; ഭാര്യയും കാമുകനും പിടിയിൽ

ജയ്‌പൂർ: നവവരൻ വാഹനാപകടത്തിൽ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞു. കാമുകനൊപ്പം ജീവിക്കാൻ ഭാര്യയും സംഘവും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം. വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ട ആശിഷും (27) ഭാര്യ അഞ്ജുവും (23) രാത്രി ഭക്ഷണം കഴിഞ്ഞ് നടക്കാനിറങ്ങിയതായിരുന്നു. റോഡരികിൽ വെച്ച് അജ്ഞാത വാഹനം ഇടിച്ചാണ് ആശിഷ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. മോഷ്ടാക്കൾ തന്നെ ആക്രമിച്ചെന്നും ആഭരണങ്ങൾ കവർന്ന ശേഷം വാഹനം ഇടിച്ചതോടെ താൻ ബോധരഹിതയായെന്നുമാണ് അഞ്ജു പോലീസിനോട് പറഞ്ഞിരുന്നത്.

ആശിഷിന്റെ കഴുത്തിൽ ശ്വാസം മുട്ടിച്ചതിന്റെ പാടുകൾ കണ്ടെത്തിയതും, അഞ്ജുവിന് പരിക്കുകൾ ഒന്നുമില്ലാതിരുന്നതും ചോദ്യം ചെയ്യലിൽ അഞ്ജു നൽകിയ പരസ്പരവിരുദ്ധമായ മൊഴികളും പോലീസിന് സംശയങ്ങൾ ഉണ്ടാക്കിയിരുന്നു. തുടർന്നാണ് കേസിൽ വഴിത്തിരിവുണ്ടായത്. സൈബർ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അഞ്ജു അയൽവാസിയായ സഞ്ജു എന്ന യുവാവുമായി നിരന്തരം സംസാരിച്ചിരുന്നതായി കണ്ടെത്തി. ഇതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

Also Read: പലിശ ഇടപാടിനെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഒളിവിൽ കഴിയുന്ന സ്ത്രീകൾക്കായി തിരച്ചിൽ

സംഭവദിവസം അഞ്ജു ഭർത്താവിന് മദ്യം നൽകിയ ശേഷമാണ് നടക്കാൻ കൂട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ നേരത്തെ കാത്തുനിന്ന സഞ്ജുവും സുഹൃത്തുക്കളും ചേർന്ന് ആശിഷിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം ഇതൊരു അപകടമാണെന്ന് വരുത്താൻ മൃതദേഹത്തിന് മുകളിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നു. കവർച്ച നടന്നുവെന്ന് വരുത്തിതീർക്കാൻ അഞ്ജു സ്വന്തം ഫോണും ആഭരണങ്ങളും പ്രതികൾക്ക് കൈമാറി റോഡിൽ ബോധരഹിതയായി അഭിനയിച്ചു. പ്രതികളായ അഞ്ജുവിനെയും കാമുകൻ സഞ്ജുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

The post ഭർത്താവിനെ കൊലപ്പെടുത്തി അപകടമെന്ന് വരുത്തിതീർക്കാൻ ശ്രമം; ഭാര്യയും കാമുകനും പിടിയിൽ appeared first on Express Kerala.

Spread the love
Scroll to Top