കുവൈത്ത്: യുകെയിൽ നിന്നും എയർ കാർഗോ വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ ഹാഷിഷ് ശേഖരം കസ്റ്റംസ് പിടികൂടി. രാജ്യാന്തര ലഹരിമരുന്ന് കടത്ത് ശൃംഖലയുടെ നീക്കങ്ങളാണ് കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയിൽ പരാജയപ്പെട്ടത്. ട്രാൻസിറ്റ് വഴി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷിപ്‌മെന്റിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ചരക്കുകൾക്കിടയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്. ഏകദേശം 1.142 കിലോഗ്രാം ഭാരമുള്ള 12 കഷ്ണങ്ങളായി തിരിച്ച ഹാഷിഷ് ശേഖരമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്ന് കൂടുതൽ നടപടികൾക്കായി മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറി. കുവൈത്തിലെ നിയമപ്രകാരം ലഹരിമരുന്ന് കടത്തിന് വധശിക്ഷ വരെ ലഭിക്കാം. വിമാനത്താവളങ്ങളിലും അതിർത്തികളിലും സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ടെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.
The post കുവൈത്തിൽ വൻ ലഹരിവേട്ട; യുകെയിൽ നിന്ന് കാർഗോ വഴി എത്തിയ ഒരു കിലോ ഹാഷിഷ് പിടികൂടി appeared first on Express Kerala.




