
ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നേരിടുന്ന തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു, ആന്റോ ആന്റണി എംപിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആന്റോ ആന്റണി പലതവണ വന്ന് കണ്ടിരുന്നതായും, പ്രചാരണാവശ്യത്തിനായി രണ്ട് കോടി രൂപ പലിശയ്ക്ക് വാങ്ങിയിരുന്നതായും രാജു ആരോപിച്ചു. നിക്ഷേപകരുടെ പണമാണ് നൽകിയതെന്നും രണ്ട് മാസത്തിനുള്ളിൽ മടക്കി നൽകാമെന്ന് പറഞ്ഞ തുകയിൽ ഏഴ് വർഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ട് വർഷമായി എൻ.എം. രാജുവും കുടുംബവും ഇഡി അന്വേഷണം നേരിടുകയാണ്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് പണം നൽകിയ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജുവും കുടുംബവും അറസ്റ്റിലാവുകയും ഇഡി സ്ഥാപനത്തിന്റെ 44 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി നൂറുകണക്കിന് കേസുകളാണ് നെടുമ്പറമ്പിൽ ഗ്രൂപ്പിനെതിരെ നിലവിലുള്ളത്.
Also Read; വാസവന്റെ രാജി ചോദിക്കുന്നവർ അടൂർ പ്രകാശിനെ മാറ്റുമോ! രാജി സതീശൻ ആവശ്യപ്പെടുമോ? മന്ത്രി വി ശിവൻകുട്ടി
അതേസമയം, സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവർക്ക് ഈ സ്ഥാപനത്തിൽ രണ്ടരക്കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന ആരോപണം എൻ.എം. രാജു നിഷേധിച്ചു. തന്ത്രിക്ക് സ്ഥാപനത്തിൽ നിക്ഷേപമില്ലെന്നും സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിക്കെതിരെ ഉയരുന്ന വാർത്തകളിൽ വ്യക്തത വരുത്താൻ ഇഡി റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ‘കാലുപിടിച്ചിട്ടും ആ രണ്ടുകോടി നൽകിയില്ല’; ആന്റോ ആന്റണി എംപിക്കെതിരെ നെടുമ്പറമ്പിൽ ഫിനാൻസ് ഉടമയുടെ വെളിപ്പെടുത്തൽ appeared first on Express Kerala.




