
മുംബൈ തീരത്ത് വൻതോതിൽ നടന്നുവന്ന അന്താരാഷ്ട്ര എണ്ണക്കള്ളക്കടത്ത് സംഘത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. മുംബൈയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ വെച്ച് നടന്ന അതിസാഹസികമായ നീക്കത്തിനൊടുവിലാണ് മൂന്ന് വിദേശ കപ്പലുകൾ കോസ്റ്റ് ഗാർഡിന്റെ പിടിയിലായത്. യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ശേഖരിച്ച് അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് വലിയ ടാങ്കറുകളിലേക്ക് മാറ്റി മറിച്ചുവിൽപ്പന നടത്തിയിരുന്ന സംഘമാണിത്.
ഇന്ത്യൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ ഒരു മോട്ടോർ ടാങ്കറിന്റെ അസ്വാഭാവിക നീക്കം ശ്രദ്ധയിൽപ്പെട്ടതോടെയാണ് കോസ്റ്റ് ഗാർഡ് നിരീക്ഷണം ശക്തമാക്കിയത്. അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മറ്റ് രണ്ട് കപ്പലുകൾ കൂടി ഈ നിയമവിരുദ്ധ ഇടപാടിൽ പങ്കാളികളാണെന്ന് കണ്ടെത്തി. തുടർന്ന് ഈ കപ്പലുകൾ വളഞ്ഞ കോസ്റ്റ് ഗാർഡ്, ജീവനക്കാരെ ചോദ്യം ചെയ്തതോടെയാണ് അന്താരാഷ്ട്ര ഏജന്റുമാർ ഉൾപ്പെട്ട വൻ കള്ളക്കടത്ത് ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ കസ്റ്റംസ് നികുതി വെട്ടിക്കാനാണ് ഇത്തരം കള്ളക്കടത്ത് പ്രധാനമായും നടത്തിയിരുന്നത്. പിടിച്ചെടുത്ത കപ്പലുകളെ മുംബൈ തീരത്തെത്തിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി കപ്പലുകളും ജീവനക്കാരെയും കസ്റ്റംസിനും മറ്റ് കേന്ദ്ര ഏജൻസികൾക്കും കൈമാറുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
The post മുംബൈ തീരത്ത് വൻ എണ്ണവേട്ട; മൂന്ന് വിദേശ കപ്പലുകൾ പിടിച്ചെടുത്തു, അന്താരാഷ്ട്ര കള്ളക്കടത്ത് സംഘം കുടുങ്ങി appeared first on Express Kerala.




