അധ്യാപകര്‍ക്കു കെ-ടെറ്റ് നിര്‍ബന്ധം: തസ്തിക മാറ്റം തേടുന്നവര്‍ക്കും തിരിച്ചടി

അധ്യാപകര്‍ക്കു കെ-ടെറ്റ് നിര്‍ബന്ധം: തസ്തിക മാറ്റം തേടുന്നവര്‍ക്കും തിരിച്ചടി

സർക്കാർ, എയ്ഡഡ് സ്കൂള്‍ അധ്യാപകർക്കു കെ-ടെറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി, തസ്തിക നിർണയത്തിലൂടെ പുറത്തായവർക്കും താഴ്ന്ന തസ്തികകളിലേക്കു മാറ്റപ്പെട്ടവർക്കും തിരിച്ചടിയാവും.ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും കെ-ടെറ്റിന്റെ പേരില്‍ ആയിരക്കണക്കിന് അധ്യാപകരെയാണ് ജോലി നഷ്ടമായേക്കുന്ന സ്ഥിതി കാത്തിരിക്കുന്നത്.

സ്കൂളുകളില്‍ അധ്യയന വർഷത്തിലെ തസ്തിക നിർണയം പൂർത്തിയായ ശേഷം വിദ്യാർഥികളുടെ എണ്ണക്കുറവ് മൂലം തസ്തിക നഷ്ടമായ അധ്യാപകർ, പുനർനിയമനം തേടുന്പോള്‍ നിശ്ചിത കെ-ടെറ്റ് യോഗ്യത നേടേണ്ടി വരും.

കെടെറ്റ് 3 യോഗ്യതയോടെ ഹൈസ്കൂളില്‍ നിയമനം നേടിയ അധ്യാപകർ, തുടർ അധ്യയന വർഷത്തില്‍ വിദ്യാർഥികളുടെ എണ്ണക്കുറവിന്റെ പേരില്‍ പ്രത്യേക ചട്ടങ്ങള്‍ പ്രകാരം യുപി വിഭാഗത്തിലേക്കു മാറേണ്ടിവന്നാലും നിയമനാംഗീകാരത്തില്‍ പ്രതിസന്ധിയുണ്ടാകും. കെ-ടെറ്റ് 3 ഉണ്ടെങ്കിലും യുപിയിലെ യോഗ്യതാ മാനദണ്ഡമായ കെ-ടെറ്റ് 2 പാസായാലേ പുനർനിയമനം ലഭിക്കൂ.

നിലവില്‍ സേവനത്തിലുള്ള അധ്യാപകർക്ക് കെ-ടെറ്റ് നേടുന്നതിനായി 2027 വരെ സമയം അനുവദിച്ച സാഹചര്യത്തില്‍, സമാന സാഹചര്യമുള്ള എല്ലാവർക്കും അതേ സംരക്ഷണം നല്‍കണമെന്ന ആവശ്യം ശക്തമാണ്. ഭിന്നശേഷി സംവരണ നിയമനം, തസ്തിക നിർണയം, ഫയല്‍ നടപടികളിലെ ദീർഘകാല താമസം തുടങ്ങിയവ മൂലം വർഷങ്ങളായി നിയമനാംഗീകാരം കാത്തിരിക്കുന്ന അധ്യാപകരുണ്ട്. ഇതിനു പുറമേയാണ് കെ-ടെറ്റ് യോഗ്യതാ നിർബന്ധമാക്കിയതിലൂടെയുണ്ടാകുന്ന പുതിയ സങ്കീർണതകള്‍.

See also  ഓട്ടോറിക്ഷയും പിക്കപ്പും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

വിഷയത്തില്‍ സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ റിവ്യൂ ഹർജി നല്‍കിയിട്ടുള്ള സാഹചര്യത്തില്‍, അന്തിമ വിധി വരുന്നതുവരെ ഇടക്കാല സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ച്‌ അധ്യാപക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

സുപ്രീംകോടതി വിധിക്കു മുമ്പ് നിയമിതരായവർക്കു പുതിയ വ്യവസ്ഥകള്‍ ബാധകമാക്കുന്നത് അനീതിയാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇതിനകം നിയമനം ലഭിച്ചു ജോലിയില്‍ തുടരുന്ന വലിയൊരു വിഭാഗം അധ്യാപകർ, സുപ്രീംകോടതി ഉത്തരവിലും തുടർന്നുള്ള സർക്കാർ ഉത്തരവുകളിലെ വ്യക്തതക്കുറവുകളിലും ആശങ്കയിലാണ്.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top