
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കുറ്റക്കാർ ആരുതന്നെയായാലും കർശന നടപടിയുണ്ടാകുമെന്നും ‘ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും’ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് എൽഡിഎഫിനില്ല. വിശ്വാസികളുടെ താൽപ്പര്യങ്ങളും പവിത്രതയും സർക്കാർ ഉയർത്തിപ്പിടിക്കും. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രം പുറത്തുവന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ നിലവിൽ ഉയർന്നുവന്നിരിക്കുന്നത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പേരാണെന്നും പ്രത്യേക അന്വേഷണ സംഘം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും സത്യം പുറത്തുവരുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിനെതിരെയും യുഡിഎഫിനെതിരെയും രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. നെൽക്കർഷകരുടെ ബോണസ് നിർത്തലാക്കാനുള്ള കേന്ദ്ര നീക്കം ഇന്ത്യ-അമേരിക്ക വ്യാപാര ഉടമ്പടിയുടെ ഭാഗമാണെന്നും ഇത് കർഷകരെ ദ്രോഹിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നരേന്ദ്ര മോദി ഭയക്കുന്നതുപോലെയാണ് കോൺഗ്രസിന് ബിജെപിയോടുള്ള പേടിയെന്നും ബിനോയ് വിശ്വം പരിഹസിച്ചു. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ചർച്ചകൾ സൗഹാർദ്ദപരമായി നടക്കുമെന്നും ഭരണത്തുടർച്ചയുണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
The post ശബരമില സ്വർണ്ണക്കൊള്ള! ഉപ്പ് തിന്നവർ വെള്ളം കുടിക്കും, കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ബിനോയ് വിശ്വം appeared first on Express Kerala.




