
ഹജ്ജ് കർമ്മങ്ങൾക്ക് നാല് മാസം ബാക്കിനിൽക്കെ, തീർത്ഥാടകർക്കായുള്ള വിസ വിതരണ നടപടികൾക്ക് സൗദി അറേബ്യ ഇന്ന് തുടക്കം കുറിച്ചു. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഏകീകൃത പ്ലാറ്റ്ഫോമായ ‘നുസുക്’ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കി പാക്കേജുകൾ തിരഞ്ഞെടുത്തവർക്കാണ് വിസകൾ ലഭിച്ചു തുടങ്ങുന്നത്. വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും തീർത്ഥാടകർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കാനുമാണ് ഇത്തവണ നേരത്തെ തന്നെ വിസ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഈ വർഷത്തെ ഹജ്ജ് സീസണിലെ ആദ്യ സംഘം ഫെബ്രുവരി 18-ന് തന്നെ സൗദിയിലെത്തുമെന്നാണ് ഔദ്യോഗിക വിവരം.
വിദേശ തീർത്ഥാടകർക്കായുള്ള സേവന കരാറുകളെല്ലാം ഹജ്ജ് മന്ത്രാലയം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം 7.5 ലക്ഷത്തോളം തീർത്ഥാടകർ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. മക്കയിലെ താമസം ഉൾപ്പെടെയുള്ള സുപ്രധാന കരാറുകൾ നുസുക് മസാർ പ്ലാറ്റ്ഫോം വഴിയാണ് ഏകോപിപ്പിക്കുന്നത്. വിദേശത്തു നിന്നുള്ള തീർത്ഥാടകരുടെ യാത്രാ സൗകര്യങ്ങൾക്കും താമസത്തിനുമായി വിപുലമായ സജ്ജീകരണങ്ങളാണ് സൗദി ഭരണകൂടം ഇത്തവണ ഒരുക്കിയിരിക്കുന്നത്.
Also Read: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 16 പേർ പിടിയിൽ, 5000 ലഹരി ഗുളികകളടക്കം വൻ ശേഖരം പിടിച്ചെടുത്തു
ഹജ്ജ് മുന്നൊരുക്കങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഉംറ വിസകൾക്ക് സൗദി കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 19 മുതൽ ഉംറ വിസകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കും. ഏപ്രിൽ 2-ന് ശേഷം ഉംറ വിസയുള്ള ആരെയും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഉംറയ്ക്കായി സൗദിയിലുള്ളവർ ഏപ്രിൽ 18-നകം മടങ്ങിപ്പോകണം. ഹജ്ജ് ചടങ്ങുകൾ പൂർത്തിയായതിന് ശേഷം മാത്രമേ ഇനി ഉംറ തീർത്ഥാടനം പുനരാരംഭിക്കുകയുള്ളൂ.
The post ഉംറ വിസക്കാർക്ക് നിയന്ത്രണം; ഏപ്രിൽ 18-നകം മടങ്ങണമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം appeared first on Express Kerala.




