
ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് ‘റിയൽ എസ്റ്റേറ്റ് ടോക്കണൈസേഷൻ’ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. ഒരു വലിയ കെട്ടിടത്തെയോ അപ്പാർട്ട്മെന്റിനെയോ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് അനേകം ചെറിയ ഓഹരികളായി തിരിക്കുകയും അവ ‘ടോക്കണുകൾ’ എന്ന നിലയിൽ വിൽപന നടത്തുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. ഫെബ്രുവരി 20 മുതൽ വിദേശ നിക്ഷേപകർക്കും പ്രവാസികൾക്കും ഈ പദ്ധതിയുടെ ഭാഗമാകാം. നിലവിൽ എമിറേറ്റ്സ് ഐഡിയുള്ള 18 വയസ്സിന് മുകളിലുള്ളവർക്കാണ് നിക്ഷേപത്തിൽ മുൻഗണന നൽകുന്നത്.
ലക്ഷക്കണക്കിന് ദിർഹം മുടക്കി ഒരു ഫ്ലാറ്റ് മുഴുവനായി വാങ്ങാൻ സാധിക്കാത്ത സാധാരണക്കാർക്കും പ്രവാസികൾക്കും ഈ പദ്ധതി വലിയൊരു അനുഗ്രഹമാണ്. വെറും 2,000 ദിർഹം മുതൽ നിക്ഷേപം നടത്തി വസ്തുവിന്റെ ഓഹരി ഉടമയാകാൻ ഇതിലൂടെ സാധിക്കും. കമ്പനികളുടെ ഷെയറുകൾ വാങ്ങുന്നത് പോലെ തന്നെ ലളിതമായിരിക്കും ഈ പ്രക്രിയ. ഈ ഘട്ടത്തിൽ ഏകദേശം 78 ലക്ഷം റിയൽ എസ്റ്റേറ്റ് ടോക്കണുകളാണ് വിപണിയിൽ ലഭ്യമാകുന്നത്. സാധാരണക്കാർക്കും റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ ഗുണഫലങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
Also Read: ടൂറിസത്തിൽ ഹാട്രിക് റെക്കോഡുമായി ദുബായ്; കഴിഞ്ഞവർഷമെത്തിയത് 1.95 കോടി സന്ദർശകർ
ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഈ സംവിധാനം ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റിന്റെയും വിർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും കർശന മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ നിക്ഷേപങ്ങൾ പൂർണ്ണമായും സുരക്ഷിതമാണ്. ഫെബ്രുവരി 20 മുതൽ ഈ ടോക്കണുകൾ സെക്കൻഡറി മാർക്കറ്റിൽ വിൽക്കാനും സാധിക്കും. അതായത്, പണം അത്യാവശ്യമായി വരുമ്പോൾ നിങ്ങളുടെ കൈവശമുള്ള ഓഹരികൾ മറ്റൊരാൾക്ക് വിൽക്കാൻ തടസ്സമുണ്ടാകില്ല. നിങ്ങളുടെ ഉടമസ്ഥാവകാശം ഡിജിറ്റലായി ഔദ്യോഗിക ടൈറ്റിൽ ഡീഡുകളുമായി ബന്ധിപ്പിച്ചിരിക്കുകയും ചെയ്യും.
The post ദുബായ് റിയൽ എസ്റ്റേറ്റിൽ ടോക്കൺ വിപ്ലവം! ഇനി പ്രവാസികൾക്കും ചെറിയ തുകയിൽ കെട്ടിട ഉടമകളാകാം appeared first on Express Kerala.




