
രാജസ്ഥാനിലെ യാത്രാ സൗകര്യങ്ങളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഉദയ്പൂരിൽ നിന്ന് നിലവിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് എക്സ്പ്രസുകൾ നിർത്തലാക്കാനും പകരം ഗുജറാത്തിലെ അഹമ്മദാബാദിലെ അസർവയെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ സർവീസ് ആരംഭിക്കാനുമാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. യാത്രക്കാരുടെ സൗകര്യങ്ങളും തിരക്കും പരിഗണിച്ചുള്ള പുനക്രമീകരണത്തിന്റെ ഭാഗമായാണ് നിലവിലെ രണ്ട് ട്രെയിനുകൾ ഒഴിവാക്കുന്നത്.
ഉദയ്പൂർ സിറ്റി–ജയ്പൂർ വന്ദേ ഭാരത് എക്‌സ്പ്രസ് (20979/80) 2026 ഫെബ്രുവരി 14 മുതൽ ഓട്ടം അവസാനിപ്പിക്കും. ഉദയ്പൂർ സിറ്റി–ആഗ്ര കാന്റ് വന്ദേ ഭാരത് എക്‌സ്പ്രസ് (20981/82) 2026 ഫെബ്രുവരി 15 മുതൽ സർവീസ് നടത്തില്ല. നിർത്തലാക്കിയ ട്രെയിനുകൾക്ക് പകരമായി നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിൽ പുതിയ സെമി-ഹൈസ്പീഡ് സർവീസ് ആരംഭിക്കും. ആഴ്ചയിൽ ആറ് ദിവസമായിരിക്കും ഈ ട്രെയിൻ സർവീസ് നടത്തുക (ചൊവ്വാഴ്ച ഒഴികെ).
ട്രെയിൻ നമ്പർ 26963 രാവിലെ 06:10-ന് ഉദയ്പൂരിൽ നിന്ന് പുറപ്പെട്ട് 10:25-ന് അസർവയിൽ എത്തും. ട്രെയിൻ നമ്പർ 26964 വൈകിട്ട് 05:45-ന് അസർവയിൽ നിന്ന് പുറപ്പെട്ട് രാത്രി 10:00-ന് ഉദയ്പൂരിൽ തിരിച്ചെത്തും. സവാർ, ഡുങ്ങർപൂർ, ഹിമ്മത് നഗർ എന്നീ സ്റ്റേഷനുകളിലാണ് പുതിയ ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.
The post രണ്ട് വന്ദേ ഭാരത് സർവീസുകൾ നിർത്തലാക്കുന്നു; പകരം ഉദയ്പൂർ–അസർവ റൂട്ടിൽ പുതിയ സർവീസ് appeared first on Express Kerala.


