
ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ പിക്‌സൽ 10എ ഫെബ്രുവരി 18-ന് ഔദ്യോഗികമായി വിപണിയിലെത്താൻ ഒരുങ്ങുകയാണ്. ലോഞ്ചിന് മുന്നോടിയായി പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, മുൻ മോഡലുകളെ അപേക്ഷിച്ച് ചാർജിംഗ് വേഗതയിലും ഡിസ്‌പ്ലേ സുരക്ഷയിലും വലിയ അപ്‌ഗ്രേഡുകളാണ് ഗൂഗിൾ ഈ ഫോണിൽ നൽകിയിരിക്കുന്നത്. 23 വാട്‌സ് ചാർജിംഗ് പിന്തുണച്ചിരുന്ന പഴയ മോഡലിന് പകരം 45 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് സൗകര്യമാണ് പിക്‌സൽ 10എയിലുള്ളത്. സ്ക്രീൻ സുരക്ഷയ്ക്കായി കൂടുതൽ കരുത്തുറ്റ ഗോറില്ല ഗ്ലാസ് 7i സംരക്ഷണവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതിക മികവിന്റെ കാര്യത്തിൽ ബ്ലൂടൂത്ത് 6.0 പിന്തുണയോടെ എത്തുന്ന ആദ്യ പിക്‌സൽ മോഡലുകളിൽ ഒന്നായിരിക്കും ഇത്. 183 ഗ്രാം ഭാരമുള്ള ഈ ഫോണിന് 6.3 ഇഞ്ച് പിഓഎൽഇഡി ഡിസ്‌പ്ലേയും 120 ഹെർട്‌സ് റിഫ്രഷ് റേറ്റും ഉണ്ടാകും. പ്രോസസറിൽ മാറ്റമില്ലാതെ ഗൂഗിൾ ടെൻസർ ജി4 ചിപ്പ് തന്നെയാകും കരുത്ത് പകരുന്നത്. 8 ജിബി റാം, 128/256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഫോണിൽ ഗൂഗിളിന്റെ ഏറ്റവും പുതിയ ആൻഡ്രോയ്‌ഡ് 16 ഒഎസാകും പ്രവർത്തിക്കുക.
Also Read: നോട്ടിനെ വെട്ടിച്ച് യുപിഐ! ഇന്ത്യയിൽ പകുതിയിലധികം പേരും ഡിജിറ്റൽ ഇടപാടുകളിലേക്ക്, സർവേ റിപ്പോർട്ട്
ക്യാമറയുടെ കാര്യത്തിൽ 48 മെഗാപിക്സൽ മെയിൻ ക്യാമറയും 13 മെഗാപിക്സലിന്റെ അൾട്രാവൈഡ്, സെൽഫി ക്യാമറകളും മികവ് പുലർത്തും. ഫെബ്രുവരി 18 മുതൽ തന്നെ ഫോണിന്റെ പ്രീ-ഓർഡറുകൾ ആരംഭിക്കും. ഗൂഗിൾ സ്റ്റോറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പ്രത്യേക ഓഫറുകളും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ, സെക്യൂരിറ്റി അപ്‌ഡേറ്റുകൾ ഉറപ്പുനൽകുന്നതിലൂടെ ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്ന മികച്ചൊരു മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണാകും പിക്‌സൽ 10എ എന്ന് ഉറപ്പിക്കാം.
The post ഗൂഗിൾ പിക്‌സൽ 10എ! ഇരട്ടി വേഗത്തിലുള്ള ചാർജിംഗും അത്യാധുനിക മാറ്റങ്ങളുമായി പുതിയ കരുത്തൻ appeared first on Express Kerala.


