
ആലപ്പുഴ: 63 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിക്കാനൊരുങ്ങുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള സി.പി.എം. നേതൃത്വത്തിന്റെ ശ്രമങ്ങൾ പരാജയപ്പെടുന്നു. മെമ്പർഷിപ്പ് പുതുക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച സുധാകരനെ ജില്ലാ സെക്രട്ടറി ആർ. നാസർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം സംസാരിക്കാൻ തയ്യാറായില്ല. ബ്രാഞ്ച് സെക്രട്ടറി നേരിട്ട് വീട്ടിലെത്തിയിട്ടും നിലപാടിൽ മാറ്റമില്ലെന്ന് സുധാകരൻ വ്യക്തമാക്കി.
അടിയന്തരാവസ്ഥാ കാലത്ത് ജയിൽവാസം അനുഭവിച്ച തന്നെ, അതിന്റെ അൻപതാം വാർഷികാഘോഷ പരിപാടികളിൽ നിന്ന് മനഃപൂർവ്വം ഒഴിവാക്കിയെന്ന് സുധാകരൻ ആരോപിക്കുന്നു. വീടിനടുത്ത് നടന്ന പരിപാടിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ തന്നെ പരിഹസിച്ച് ചിരിച്ചുവെന്നും താൻ പരിഗണന അർഹിക്കാത്തവനാണെന്ന് വരുത്തിത്തീർത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ചു വർഷമായി തന്നെ പൊതുപരിപാടികളിൽ നിന്ന് മാറ്റിനിർത്തിയ ജില്ലാ സെക്രട്ടറി ആർ. നാസറിനെതിരെ കടുത്ത ഭാഷയിലാണ് സുധാകരൻ പ്രതികരിച്ചത്.
Also Read: 63 വർഷത്തെ ബന്ധം മുറിക്കുന്നു; സി.പി.എം. അംഗത്വം ഉപേക്ഷിച്ച് ജി. സുധാകരൻ
ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കാൻ പാർട്ടി മെമ്പർഷിപ്പിന്റെ ആവശ്യമില്ല എന്നായിരുന്നു വീട്ടിലെത്തിയ ബ്രാഞ്ച് സെക്രട്ടറിയോട് സുധാകരൻ പറഞ്ഞ മറുപടി. നിലവിലെ നേതാക്കൾക്ക് തന്നെക്കൊണ്ട് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് സ്വമനസ്സാലെ മാറിനിൽക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
The post ജില്ലാ സെക്രട്ടറിയുടെ ഫോൺ എടുക്കാതെ ജി. സുധാകരൻ; മെമ്പർഷിപ്പ് പുതുക്കില്ലെന്ന തീരുമാനത്തിൽ ഉറച്ച് മുതിർന്ന നേതാവ് appeared first on Express Kerala.




