
സിപിഎം മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം നേരിട്ട് രംഗത്ത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും പാർട്ടി അംഗത്വം പുതുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വാർത്താസമ്മേളനത്തിൽ താൻ സുധാകരനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും ഗോവിന്ദൻ വിശദീകരിച്ചു. എന്നാൽ, അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ സുധാകരൻ ഉറച്ചുനിൽക്കുകയാണ്.
വാർത്താസമ്മേളനത്തിനിടെ സുധാകരനെ കുറിച്ചുള്ള ചോദ്യത്തിന് എം.വി. ഗോവിന്ദൻ നൽകിയ മറുപടിയും പിന്നാലെയുണ്ടായ ചിരിയുമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. തന്നെ അവഗണിക്കുന്നുവെന്നും പരിഹസിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സുധാകരൻ ഫേസ്ബുക്കിലൂടെ കടുത്ത വിമർശനം ഉന്നയിച്ചു. 63 വർഷം നീണ്ട പാർട്ടി ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷിക ആഘോഷത്തിൽ നിന്ന് പോലും തന്നെ ഒഴിവാക്കിയെന്നും ബ്രാഞ്ച് തലത്തിൽ പോലും തന്നെ ആരും പരിഗണിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
Also Read:ഒറ്റപ്പാലത്ത് അട്ടിമറി ലക്ഷ്യം; യുഡിഎഫ് പിന്തുണയോടെ പി.കെ. ശശി മത്സരത്തിനൊരുങ്ങുന്നു
നേരത്തെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ ഫോണിൽ വിളിച്ചപ്പോഴും അംഗത്വ ഫോറം പൂരിപ്പിച്ചു നൽകില്ലെന്ന് സുധാകരൻ വ്യക്തമാക്കിയിരുന്നു. നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ പാർട്ടിയുമായി അകന്നുനിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാൻ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗം നിർണ്ണായക തീരുമാനങ്ങൾ എടുത്തേക്കും.
The post ജി. സുധാകരനെ വിളിച്ച് എം.വി. ഗോവിന്ദൻ; അനുനയ നീക്കവുമായി സിപിഎം സംസ്ഥാന നേതൃത്വം appeared first on Express Kerala.




