
സംസ്ഥാനത്ത് ആരംഭിച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണങ്ങളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി അതീവ രഹസ്യ സ്വഭാവത്തോടും മാതൃകാപരമായ രീതിയിലുമാണ് ചോദ്യപേപ്പർ തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളിൽ ഭീതിയുണ്ടാക്കി സാമ്പത്തിക ലാഭം കൊയ്യാൻ ശ്രമിക്കുന്ന കേന്ദ്രങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.
ചോദ്യപേപ്പറിനെക്കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവർ തന്നെ പരിഹാരത്തിനായി തങ്ങളെ സമീപിക്കാൻ ആവശ്യപ്പെടുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മോഡൽ പരീക്ഷകൾ കുട്ടികൾക്ക് എളുപ്പത്തിൽ എഴുതാൻ സാധിക്കുന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്. അതിനാൽ തന്നെ രക്ഷിതാക്കൾ അനാവശ്യ ഉത്കണ്ഠ ഒഴിവാക്കണമെന്നും, കുട്ടികൾ പൂർണ്ണ ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധ്യാപകരും പരീക്ഷാ സംവിധാനങ്ങളും പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം ഉറപ്പുനൽകി.
Also Read: JEST 2026; ഗവേഷണ പ്രവേശന വിജ്ഞാപനം
ഗൾഫ് മേഖലയിലെ യുദ്ധസഹചര്യം കാരണം പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. മാതാപിതാക്കൾക്കൊപ്പം വിദേശത്തു പോയി തിരികെ എത്താൻ കഴിയാത്തവർക്കും പ്രതിസന്ധികൾ മാറുന്ന മുറയ്ക്ക് പരീക്ഷ നടത്താൻ സർക്കാർ തയ്യാറാണ്. സുരക്ഷാക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും, കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും വി. ശിവൻകുട്ടി പറഞ്ഞു.
The post എസ്എസ്എൽസി പരീക്ഷ! വ്യാജപ്രചാരണങ്ങളിൽ വീഴരുത്, വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് മന്ത്രി appeared first on Express Kerala.




