
ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന അതിശക്തമായ ആക്രമണങ്ങളിൽ ഇറാന്റെ ഹൃദയഭൂമി കത്തുന്നു. സംഘർഷം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1230 ആയി ഉയർന്നു. ഇതിൽ മിനാബിലെ ഒരു സ്കൂളിന് നേരെയുണ്ടായ അമേരിക്കൻ വ്യോമാക്രമണത്തിൽ 165 പിഞ്ചുകുഞ്ഞുങ്ങൾ ദാരുണമായി കൊല്ലപ്പെട്ടത് ലോകത്തെ നടുക്കിയിരിക്കുകയാണ്. തങ്ങൾക്കെതിരെ കരയുദ്ധം ഉണ്ടായാൽ പോലും പതറാതെ നേരിടുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ ഭരണകൂടം. ഇതിന്റെ ഭാഗമായി ഇസ്രയേലിലും ഗൾഫ് മേഖലയിലുമുള്ള ശത്രുതാ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
സമുദ്രത്തിൽ ഇറാനിയൻ കരുത്തിന് തിരിച്ചടി: ഐആർഐഎസ് ദേന തകർത്തു
ഇറാന്റെ നാവിക കരുത്തിന്റെ പ്രതീകമായ ഐആർഐഎസ് ദേന എന്ന യുദ്ധക്കപ്പൽ അമേരിക്ക ആണവ അന്തർവാഹിനിയുടെ ടോർപ്പിഡോ ആക്രമണത്തിൽ തകർന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചു. മാർച്ച 4-ന് പുലർച്ചെ ശ്രീലങ്കൻ തീരത്ത് വെച്ച് നടന്ന ആക്രമണത്തിൽ കപ്പൽ പൂർണ്ണമായും മുങ്ങുകയായിരുന്നു. ഇറാന്റെ അതിഥിയായി സൈനികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന കപ്പലിന് നേരെയുണ്ടായ ഈ ‘കടൽക്കൊള്ള’യെ ഇറാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചിരുന്നു. കപ്പലിലുണ്ടായിരുന്ന നാവികരെ കണ്ടെത്താനുള്ള തിരച്ചിൽ ഇപ്പോഴും ദുഷ്കരമായി തുടരുകയാണ്.
Also Read: അമേരിക്കൻ ആക്രമണത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പൽ; രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന
ഇറാനിയൻ നാവികർക്കായി ഇന്ത്യയുടെ രക്ഷാദൗത്യം
ഇറാനിയൻ കപ്പൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യൻ നാവികസേന രംഗത്തെത്തി. തങ്ങളുടെ സുഹൃദ് രാജ്യമായ ഇറാന്റെ നാവികരെ രക്ഷിക്കാനായി സന്ദേശം ലഭിച്ച ഉടൻ തന്നെ ഇന്ത്യ നടപടികൾ ആരംഭിച്ചിരുന്നു. കൊച്ചിയിൽ നിന്ന് ഐഎൻഎസ് ഇക്ഷക് എന്ന സർവേ കപ്പലും ഐഎൻഎസ് തരംഗിണിയും ദൗത്യത്തിൽ പങ്കാളികളായി. മാനുഷിക പരിഗണന മുൻനിർത്തി പട്രോളിംഗ് ഹെലികോപ്റ്ററുകളും ലൈഫ് റാഫ്റ്റുകളും ഇന്ത്യ വിന്യസിച്ചു. നിലവിൽ ശ്രീലങ്കൻ നാവികസേനയുമായി ചേർന്ന് കാണാതായ ഇറാനിയൻ നാവികർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ത്യ ഊർജിതമാക്കിയിരിക്കുകയാണ്.
The post മരണസംഖ്യ ഉയരുന്നു, കരയുദ്ധമുണ്ടായാലും നേരിടുമെന്ന് ഇറാൻ appeared first on Express Kerala.




