
മുംബൈയിൽ നടന്ന ആവേശകരമായ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക് മുന്നേറി. സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ടീമിനെ ഫൈനലിലേക്ക് നയിക്കാൻ കഴിഞ്ഞത് വലിയൊരു വികാരമാണെന്ന് മത്സരശേഷം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പറഞ്ഞു. ടീം സമ്മർദ്ദത്തിലായ ഘട്ടത്തിൽ ആക്രമിച്ചു കളിച്ച് വിജയത്തിന് അടിത്തറയിട്ട സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സിനെ സൂര്യകുമാർ പ്രത്യേകം അഭിനന്ദിച്ചു. കഴിഞ്ഞ ഒരു വർഷമായി സഞ്ജു നടത്തുന്ന കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ മികച്ച പ്രകടനമെന്നും വിക്കറ്റ് വീഴുമ്പോഴും പതറാതെ കളിക്കാൻ സഞ്ജുവിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിലെ തന്ത്രങ്ങളെക്കുറിച്ചും ബൗളർമാരുടെ പ്രകടനത്തെക്കുറിച്ചും സൂര്യകുമാർ വാചാലനായി. ഇംഗ്ലീഷ് സ്പിന്നർ ആദിൽ റഷീദിനെ നേരിടാനാണ് ശിവം ദുബെയെ നാലാം നമ്പറിൽ ഇറക്കിയതെന്നും തന്റെ വ്യക്തിഗത പ്രകടനത്തേക്കാൾ ടീം തന്ത്രങ്ങൾക്കാണ് മുൻഗണന നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലീഷ് ബാറ്റിംഗ് നിര കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും ജസ്പ്രീത് ബുമ്രയും അർഷ്ദീപും നിർണ്ണായക ഘട്ടത്തിൽ കളി തിരികെ പിടിച്ച രീതി അവിശ്വസനീയമാണെന്ന് നായകൻ പറഞ്ഞു. ഹാരി ബ്രൂക്കിന്റെ പോരാട്ടവീര്യത്തെ തമാശരൂപേണ പരാമർശിച്ച സൂര്യ, ബുമ്രയുടെ പരിചയസമ്പത്താണ് വിജയത്തിൽ നിർണ്ണായകമായതെന്ന് ഉറപ്പിച്ചു പറഞ്ഞു.
Also Read: സെമിയിലും നിരാശപ്പെടുത്തി അഭിഷേക് ശർമ്മ; വാംഖഡെയിൽ തടിതപ്പി ഓപ്പണർ, ആഞ്ഞടിച്ച് ആരാധകർ
മത്സരത്തിന്റെ അവസാന ഓവറുകളിൽ താൻ അനുഭവിച്ച കടുത്ത സമ്മർദ്ദത്തെക്കുറിച്ചും സൂര്യകുമാർ തുറന്നുപറഞ്ഞു. ഹൃദയമിടിപ്പ് 160-175 വരെ എത്തിയ നിമിഷങ്ങളായിരുന്നു അതെങ്കിലും ആരാധകരുടെ പിന്തുണ വലിയ കരുത്തായെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഫീൽഡിംഗിലെ മികച്ച പ്രകടനത്തിന് കോച്ച് ദിലീപിനാണ് അദ്ദേഹം ക്രെഡിറ്റ് നൽകിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെയാണ് ഇന്ത്യ നേരിടുക. കിരീടം നിലനിർത്താൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ടീമും സപ്പോർട്ട് സ്റ്റാഫും.
The post ‘സഞ്ജുവിന്റേത് സ്പെഷ്യൽ ഇന്നിംഗ്‌സ്’; ടീമിനെ ഫൈനലിലെത്തിച്ചതിൽ വികാരാധീനനായി നായകൻ സൂര്യകുമാർ appeared first on Express Kerala.




