
തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ഉയർന്ന സാമൂഹിക മാധ്യമ പ്രചാരണങ്ങൾക്ക് സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി നൽകി. വിവാഹത്തിന് മുൻപേ ശ്യാമള പാർട്ടി പദവികൾ വഹിച്ചിരുന്ന വ്യക്തിയാണെന്നും ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളിൽ സജീവമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇപ്പോൾ സ്ഥാനാർത്ഥിയാകുമ്പോൾ മാത്രം ‘ഭാര്യാപദം’ എന്ന ലേബൽ ഉയർത്തിക്കൊണ്ടുവരുന്നത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. ശ്യാമളയുടെ രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്ത് അവരുടെ സ്ഥാനാർത്ഥിത്വത്തിൽ പുനർചിന്തനം വേണ്ടെന്ന ഉറച്ച നിലപാടാണ് പാർട്ടി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ ആരും ഔദ്യോഗികമായി എതിർത്തില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ചകൾ ചില നേതാക്കൾ യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് ഗോവിന്ദൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതോടൊപ്പം മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി മാറ്റങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു. മട്ടന്നൂരിൽ നിന്ന് കെ.കെ. ശൈലജയെ പേരാവൂരിലേക്ക് മാറ്റിയ തീരുമാനത്തിൽ യോഗത്തിൽ ആരും എതിർപ്പും പ്രകടിപ്പിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
Also Read: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും
തിരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിച്ച് ഒപ്പം നിർത്തണമെന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്നു വന്നു. സുധാകരന്റെ പിണക്കം മാറ്റി അദ്ദേഹത്തെ സജീവമാക്കണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും പൊതുവികാരം. ഇക്കാര്യത്തിൽ അനുകൂലമായ നിലപാടാണ് പാർട്ടി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യം ഉറപ്പാക്കാൻ ആവശ്യമായ ചർച്ചകൾ ഉടൻ നടക്കുമെന്നും യോഗം വിലയിരുത്തി.
The post ‘ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചത് എങ്ങനെ?’; പി.കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ വിമർശകർക്ക് മറുപടിയുമായി എം.വി ഗോവിന്ദൻ appeared first on Express Kerala.




