
തിരുവമ്പാടി: കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഏറ്റവും പ്രധാന ഘട്ടമായ പാറതുരക്കൽ പ്രവൃത്തികൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 11-ന് തിരുവമ്പാടി മറിപ്പുഴയിലെ പദ്ധതി പ്രദേശത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
2134.5 കോടി രൂപ വിനിയോഗിച്ചാണ് തുരങ്കപാതയുടെ നിർമ്മാണം. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല. ഒരേസമയം കോഴിക്കോട് (മറിപ്പുഴ), വയനാട് (മേപ്പാടി) ഭാഗങ്ങളിൽ നിന്ന് ഉള്ളിലേക്ക് തുരന്നുപോകുന്ന രീതിയാണ് അവലംബിക്കുന്നത്. 8.735 കിലോമീറ്റർ ദൈർഘ്യമുളള നാലുവരി തുരങ്കപാതയാണ് നിർമ്മിക്കുന്നത്. ഉദ്ഘാടന ചടങ്ങ് ജനങ്ങൾക്ക് കാണുന്നതിനായി മുത്തപ്പൻപുഴ എൽ.പി. സ്കൂളിൽ പ്രത്യേക സ്ക്രീനുകൾ സജ്ജമാക്കിയിട്ടുണ്ട്. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എ.കെ. ശശീന്ദ്രൻ, പ്രിയങ്ക ഗാന്ധി എം.പി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
Also Read: രോഗിയുടെ വയറ്റിൽ തുണി മറന്നുവെച്ചു; സ്കാനിംഗ് റിപ്പോർട്ട് വന്നതോടെ തെറ്റ് സമ്മതിച്ച് ഡോക്ടർ
കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത ചൊവ്വാഴ്ചമുതൽ തുരന്നുതുടങ്ങും. രാവിലെ 11-ന് ആനക്കാംപൊയിൽ മറിപ്പുഴ സ്വർഗംകുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാറതുരക്കൽ ഉദ്ഘാടനംചെയ്യും. ഉരുൾപൊട്ടൽ ദുരന്തങ്ങൾ ഉലച്ച ചൂരൽമല, പുത്തുമല, കള്ളാടി മേഖലകളുടെ പുനരുദ്ധാരണത്തിന് തുരങ്കപാത വലിയ കരുത്താകും. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ കാർഷിക ഉൽപ്പന്നങ്ങൾ വേഗത്തിൽ വിപണിയിലെത്തിക്കാനും ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനും ഈ പാത സഹായിക്കും. നാല് വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാറതുരക്കൽ തുടങ്ങുന്ന പശ്ചാത്തലത്തിൽ പദ്ധതി പ്രദേശത്ത് കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കിഫ്ബിയിൽനിന്ന് 2143 കോടി രൂപ ചെലവഴിച്ചാണ് നാലുവരി തുരങ്കപാത നിർമിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നിർവഹണ ഏജൻസി.
The post തുരങ്കപാതയുടെ പാറതുരക്കലിന് ഇന്ന് തുടക്കം, മുഖ്യമന്ത്രി സ്വിച്ച് ഓൺ നിർവ്വഹിക്കും appeared first on Express Kerala.




