
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ ജില്ലാ കളക്ടറോട് വിശദീകരണം തേടുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പൊങ്കാല കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും പലയിടങ്ങളിലും മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ചകൾ അനുവദിക്കില്ലെന്നും ഇക്കാര്യം നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. സാധാരണ നിലയിൽ പൊങ്കാല കഴിഞ്ഞാൽ ഇത്തരം വിവാദങ്ങൾ ഉണ്ടാകാറില്ല. എല്ലാവരും ഒത്തൊരുമിച്ച് നഗരം വൃത്തിയാക്കുന്ന രീതിയാണ് കണ്ടുവരാറുള്ളത്. എവിടെയെങ്കിലും പിശകുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ കോർപ്പറേഷൻ അടിയന്തരമായി ഇടപെട്ട് പരിഹരിക്കണം, മന്ത്രി വ്യക്തമാക്കി.
Also Read: മന്ത്രിയെ ആക്രമിച്ച കേസ്; വധശ്രമത്തിന് തെളിവില്ല, പ്രതികൾക്ക് ആശ്വാസം
ഇത്തവണ പൊങ്കാലയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ക്രെഡിറ്റ് തർക്കങ്ങൾക്കാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. ക്ഷേത്ര പരിസരത്ത് മേയർ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ, സ്പെൻസർ ജംഗ്ഷനിൽ മന്ത്രി വി. ശിവൻകുട്ടി പ്രത്യേക ഉദ്ഘാടനം നടത്തിയത് ചർച്ചയായിരുന്നു. ഒരുക്കങ്ങളുടെ തുടക്കം മുതൽ സി.പി.ഐ.എം – ബി.ജെ.പി പോര് സജീവമായിരുന്നു. വാട്ടർ അതോറിറ്റി കുടിവെള്ള പ്രതിസന്ധി ഉണ്ടാക്കി പൊങ്കാല അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ശുചീകരണ പ്രവർത്തനങ്ങളെ ചൊല്ലിയും ഇരു വിഭാഗങ്ങളും തമ്മിൽ വാക്പോര് തുടരുന്നത്. മാലിന്യം നീക്കം ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്തം കോർപ്പറേഷനാണെന്നിരിക്കെ, വൈകിയ നടപടികൾ ഭരണസമിതിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
The post ശുചീകരണത്തിൽ പാളിച്ചയോ? കളക്ടറോട് വിശദീകരണം തേടുമെന്ന് മന്ത്രി വി ശിവൻകുട്ടി appeared first on Express Kerala.




