
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ പാക് താരം സൽമാൻ അലി ആഗ പുറത്തായ രീതി ക്രിക്കറ്റ് ലോകത്ത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അത്യപൂർവവും നാടകീയവുമായ ഈ റണ്ണൗട്ട് ധാക്കയിലെ ഷേർ-ഇ-ബംഗ്ലാ സ്റ്റേഡിയത്തിലാണ് അരങ്ങേറിയത്. മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന സൽമാൻ അലി ആഗ അപ്രതീക്ഷിതമായി പുറത്തായത് പാകിസ്ഥാൻ ടീമിനെയാകെ പ്രകോപിപ്പിച്ചു.
പാകിസ്ഥാൻ ഇന്നിങ്സിന്റെ 39-ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങൾ. മുഹമ്മദ് റിസ്വാനും സൽമാൻ അലി ആഗയും ചേർന്ന് നാലാം വിക്കറ്റിൽ 109 റൺസിന്റെ കൂട്ടുകെട്ടുമായി ടീമിനെ വിജയത്തിലേക്ക് നയിക്കവെയാണ് വിവാദം ഉടലെടുത്തത്. റിസ്‌വാൻ തൊടുത്ത ഷോട്ട് ബൗളർ മെഹ്ദി ഹസന്റെ ബൂട്ടിന് അരികിൽ തങ്ങി. ഈ സമയം ക്രീസിന് പുറത്തായിരുന്ന സൽമാൻ അലി ആഗ, പന്ത് എടുത്ത് ബൗളർക്ക് നൽകാൻ സഹായിച്ചതാണ് വിനയായത്. എന്നാൽ പന്ത് കയ്യിൽ കിട്ടിയ ഉടൻ തന്നെ താരം ക്രീസിന് പുറത്താണെന്ന് കണ്ട് മെഹ്ദി ഹസൻ സ്റ്റംപ് ഇളക്കി അപ്പീൽ ചെയ്യുകയായിരുന്നു.
Also Read:രാജസ്ഥാനെതിരായ പോരാട്ടത്തിൽ റുതുരാജിന് സഞ്ജുവിന്റെ സാന്നിധ്യം കരുത്താകും: ഇർഫാൻ പത്താൻ
ക്രീസിന് പുറത്തായതിനാൽ അമ്പയർ ഔട്ട് വിധിച്ചു. 64 റൺസെടുത്ത താരം ക്രീസ് വിടാൻ തയ്യാറാകാതെ ബൗളറുമായി തർക്കത്തിലേർപ്പെട്ടു. ഒടുവിൽ റിസ്‌വാൻ ഇടപെട്ടാണ് സൽമാനെ ശാന്തനാക്കിയത്. ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്ന വഴി ദേഷ്യം സഹിക്കാനാവാതെ ഹെൽമെറ്റും ഗ്ലൗസും താരം വലിച്ചെറിഞ്ഞത് മത്സരത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു.
The post സഹായിക്കാൻ പോയി പണി കിട്ടി; സൽമാൻ അലി ആഗയുടെ ‘വിചിത്ര’ പുറത്താകൽ! appeared first on Express Kerala.



