
ഗുജറാത്തിലെ കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവ് അതിരൂക്ഷമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് വനിത-ശിശുക്ഷേമ മന്ത്രാലയം പുറത്തുവിട്ടു. നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 30 ജില്ലകളിലായി 2,57,269 കുട്ടികളാണ് നിലവിൽ പോഷകാഹാരക്കുറവ് നേരിടുന്നത്. ഇതിൽ 2,11,635 കുട്ടികൾ ഭാരക്കുറവുള്ളവരാണെന്നും 45,634 കുട്ടികൾ അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വികസന മാതൃകയായി രാജ്യം ചർച്ച ചെയ്യുന്ന ഗുജറാത്തിലെ ആരോഗ്യരംഗത്തെ പരിതാപകരമായ അവസ്ഥയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ഗോത്രവർഗ മേഖലകളിലാണ് ഈ പ്രശ്നം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പഞ്ച്മഹൽ, ബനസ്കാന്ത, ഖേഡ എന്നീ ജില്ലകളിലെ കുട്ടികളിലാണ് പോഷകാഹാരക്കുറവ് കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. നഗരപ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല; വഡോദര, അഹമ്മദാബാദ്, ഗാന്ധിനഗർ എന്നീ ഓരോ നഗരങ്ങളിലും ആയിരത്തിലധികം കുട്ടികൾ വീതം പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ചില ജില്ലകളിൽ ഇത്തരം കുട്ടികളുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ വർദ്ധിച്ചതായും സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Also Read: ചെന്നൈയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; ഏഴ് പേർക്ക് പരിക്ക്
ശിശുക്ഷേമത്തിനായി വിവിധ സർക്കാർ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവയൊന്നും അർഹരായവരിലേക്ക് എത്തുന്നില്ലെന്ന വിമർശനം ഇതോടെ ശക്തമാവുകയാണ്. പോഷകാഹാര വിതരണത്തിനും ആരോഗ്യ പരിരക്ഷയ്ക്കുമായി കോടികൾ ചെലവഴിക്കുമ്പോഴും താഴെത്തട്ടിൽ കുട്ടികളുടെ ആരോഗ്യം ക്ഷയിക്കുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയം രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.
The post ഗുജറാത്തിൽ രണ്ടരലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവ്! റിപ്പോർട്ട് പുറത്ത് appeared first on Express Kerala.




