മാറ്റം ലക്ഷ്യമിട്ട് എൻഡിഎ; 140 സീറ്റുകളിലും വികസന രാഷ്ട്രീയം ഉയർത്തി മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

മാറ്റം ലക്ഷ്യമിട്ട് എൻഡിഎ; 140 സീറ്റുകളിലും വികസന രാഷ്ട്രീയം ഉയർത്തി മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ തെരഞ്ഞെടുപ്പിനെയാണ് എൻഡിഎ ഇത്തവണ നേരിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾ ജനവിധി തേടും. ജനങ്ങൾ ആഗ്രഹിക്കുന്നത് വികസന രാഷ്ട്രീയമാണെന്നും ഇത്തവണ കേരളത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് 100 ശതമാനം ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയായി വരുന്നതായും 95.5 ശതമാനം ചർച്ചകളും കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ എംഎൽഎമാരുടെ പ്രവർത്തനങ്ങളിൽ ജനങ്ങൾ അസംതൃപ്തരാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. പറവൂരിലും ധർമ്മടത്തും താൻ നടത്തിയ അദാലത്തുകളിൽ പരാതികളുമായി എത്തിയ ജനങ്ങളുടെ അവസ്ഥ ഇതിന് ഉദാഹരണമാണ്. ഇത്രയും കാലം ജനപ്രതിനിധികൾ അവിടെ എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. വികസന കാര്യങ്ങളിൽ ആരുമായും സംവാദത്തിന് താൻ തയ്യാറാണെന്നും എന്നാൽ ആരും അതിന് മുന്നോട്ടുവരാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

Also Read: പേരാവൂരിലെ സ്ഥാനാർത്ഥിത്വത്തിൽ സന്തോഷം; പാർട്ടി തീരുമാനം അംഗീകരിക്കുന്നു: കെ.കെ. ശൈലജ

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ ഒൻപതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിൽ ഏപ്രിൽ 29-നും പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലുമായാണ് വോട്ടെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പ്രഖ്യാപിക്കും.

The post മാറ്റം ലക്ഷ്യമിട്ട് എൻഡിഎ; 140 സീറ്റുകളിലും വികസന രാഷ്ട്രീയം ഉയർത്തി മത്സരിക്കും: രാജീവ് ചന്ദ്രശേഖർ appeared first on Express Kerala.

Spread the love
Scroll to Top