ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്തിന് അനുമതി നൽകാതെ ഇറാൻ നിലപാട് കടുപ്പിച്ചതോടെ ഇന്ത്യയിലെ ഇന്ധന വിപണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കൂടുതൽ ടാങ്കറുകൾ വിട്ടുകിട്ടുന്നതിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും ഇറാൻ വഴങ്ങാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ഇതിനോടകം തന്നെ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിലയിൽ 93 ശതമാനത്തിന്റെ ഞെട്ടിക്കുന്ന വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധനക്ഷാമം വിപണിയെ ബാധിച്ചു തുടങ്ങിയതോടെ വാണിജ്യ എൽപിജി ലഭ്യത കുറയുകയും ഇത് രാജ്യത്തെ ഹോട്ടൽ മേഖലയെ സ്തംഭനാവസ്ഥയിലാക്കുകയും ചെയ്തു. പലയിടങ്ങളിലും ചെറുകിട റെസ്റ്റോറന്റുകൾ ഇതിനകം തന്നെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.
Also Read:രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആർജെഡി സഖ്യത്തിന് തിരിച്ചടി; ബിഹാറിലും ഒഡീഷയിലും എൻഡിഎയ്ക്ക് വിജയം
യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും നേരിയ ആശ്വാസമായി ഒരു എൽപിജി ടാങ്കറും ക്രൂഡ് ഓയിൽ ടാങ്കറും ഇന്ന് ഗുജറാത്ത് തീരത്തെത്തുന്നുണ്ട്. നേരത്തെ, സൗദി അറേബ്യയിൽ നിന്നുള്ള 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലുമായി എത്തിയ ‘സ്മിർണി’ എന്ന കപ്പൽ മുംബൈയിൽ സുരക്ഷിതമായി നങ്കൂരമിട്ടിരുന്നു. എന്നാൽ യുഎഇയിലെ ഫുജൈറ ഓയിൽ ടെർമിനലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണം കപ്പൽ ഗതാഗതം വീണ്ടും അപകടത്തിലാക്കിയിരിക്കുകയാണ്. ആക്രമണ സമയത്ത് അവിടെയുണ്ടായിരുന്ന ‘ജഗ് ലാഡ്കി’ എന്ന ഇന്ത്യൻ കപ്പലിലെ ജീവനക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
നിലവിൽ ഗൾഫ് മേഖലയിലൂടെ 24 ഇന്ത്യൻ കപ്പലുകൾ സഞ്ചരിക്കുന്നുണ്ടെന്നാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കണക്ക്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഏകദേശം 23,000 ഇന്ത്യൻ നാവികരാണ് വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 276 പേരെ ഇതിനോടകം തന്നെ വിവിധ കമ്പനികൾ സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. എണ്ണ ഇറക്കുമതി ഭാഗികമായി തടസ്സപ്പെട്ടതോടെ രാജ്യത്തെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ബദൽ മാർഗ്ഗങ്ങൾ തേടുകയാണ്.
The post ഇന്ത്യയിൽ ഇന്ധനവിലയിൽ 93% വർദ്ധനവ്; എണ്ണക്കപ്പലുകൾക്ക് പച്ചക്കൊടി കാട്ടാതെ ഇറാൻ, വിപണി സ്തംഭിക്കുന്നു! appeared first on Express Kerala.




