
ഇറാൻ സംഘർഷത്തിന്റെ ഭാഗമായി ചെങ്കടലിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോഡിൽ ഉണ്ടായ തീപിടിത്തം 30 മണിക്കൂറിലേറെ നീണ്ടുനിന്നതായി റിപ്പോർട്ട്. അമേരിക്ക മാധ്യമമായ ന്യൂയോർക്ക് ടൈംസാണ് കപ്പലിലെ സൈനികർ നേരിടുന്ന ദുരിതാവസ്ഥ പുറത്തുവിട്ടത്. മണിക്കൂറുകൾ നീണ്ട തീപിടിത്തത്തെ തുടർന്നുണ്ടായ കനത്ത പുക ശ്വസിച്ച് കപ്പലിലുണ്ടായിരുന്ന സൈനികർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞയാഴ്ച നടന്ന ഈ അപകടം അമേരിക്കൻ നാവികസേന സ്ഥിരീകരിച്ചിരുന്നുവെങ്കിലും തീ നിയന്ത്രണവിധേയമാണെന്നും രണ്ട് നാവികർക്ക് മാത്രമേ നിസ്സാര പരിക്കേറ്റിട്ടുള്ളൂ എന്നുമാണ് ഔദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാൽ പുറത്തുവരുന്ന പുതിയ വിവരങ്ങൾ അനുസരിച്ച് കപ്പലിനുള്ളിലെ സാഹചര്യം അത്ര മികച്ചതല്ല. കപ്പലിലെ ലോൺട്രി ഏരിയയിലുണ്ടായ തീപിടിത്തത്തിൽ ഏകദേശം 600-ഓളം നാവികരുടെ കിടക്കകളും വസ്ത്രങ്ങളും കത്തിനശിച്ചു. പത്തുമാസമായി തുടർച്ചയായി വിന്യാസത്തിലുള്ള കപ്പലിലെ ടോയ്‌ലറ്റ് സംവിധാനങ്ങൾ തകരാറിലായതും വസ്ത്രങ്ങൾ അലക്കുന്നതുൾപ്പെടെയുള്ള ദൈനംദിന കാര്യങ്ങൾ തടസ്സപ്പെട്ടതും 4,500 ഓളം വരുന്ന ജീവനക്കാരെ വലയ്ക്കുന്നുണ്ട്.
Also Read:മുജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ; അതീവ രഹസ്യ നീക്കവുമായി പുടിൻ?
അതേസമയം, കപ്പലിലെ യുദ്ധവിമാനങ്ങളുടെ പ്രവർത്തനങ്ങളെ ഈ അപകടം ബാധിച്ചിട്ടില്ലെന്ന് നാവികസേന വ്യക്തമാക്കി. കഴിഞ്ഞ ജൂണിൽ വിർജീനിയയിൽ നിന്ന് പുറപ്പെട്ട ഈ വിമാനവാഹിനിക്കപ്പൽ അറ്റ്‌ലാന്റിക്, മെഡിറ്ററേനിയൻ, കരീബിയൻ കടലുകൾ പിന്നിട്ടാണ് ഇപ്പോൾ പശ്ചിമേഷ്യയിൽ എത്തിയിരിക്കുന്നത്. നിലവിലെ വിന്യാസം ഏപ്രിൽ പകുതി വരെ നീളുകയാണെങ്കിൽ, വിയറ്റ്‌നാം യുദ്ധത്തിന് ശേഷം ഒരു അമേരിക്കൻ വിമാനവാഹിനിക്കപ്പൽ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ വിന്യാസമായി ഇത് മാറും.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post ചെങ്കടലിൽ അമേരിക്കൻ നാവികർക്ക് ദുരിതകാലം; യുഎസ്എസ് ജെറാൾഡ് ഫോഡിലെ തീപിടിത്തം 30 മണിക്കൂർ നീണ്ടു appeared first on Express Kerala.




