
ഇല്ലിനോയിസ് ആസ്ഥാനമായുള്ള മോട്ടോറോള സൊല്യൂഷൻസ് ഇൻകോർപ്പറേറ്റഡിൽ നിന്ന് അതീവ രഹസ്യമായ സാങ്കേതികവിദ്യ ചോർത്തിയതിന് ചൈനീസ് ടെലികോം ഭീമനായ ഹൈറ്റെറ കമ്മ്യൂണിക്കേഷൻസിന് ഷിക്കാഗോ ഫെഡറൽ കോടതി 50 മില്യൺ ഡോളർ (ഏകദേശം 415 കോടി രൂപ) പിഴ ചുമത്തി. 2006 മുതൽ മോട്ടോറോളയിലെ ഉദ്യോഗസ്ഥരെ ഉയർന്ന ശമ്പള വാഗ്ദാനം നൽകി സ്വാധീനിച്ചും നിയമിച്ചും കമ്പനിയുടെ ഡിജിറ്റൽ മൊബൈൽ റേഡിയോ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സോഴ്‌സ് കോഡുകളും വ്യാപാര രഹസ്യങ്ങളും ഹൈറ്റെറ നിയമവിരുദ്ധമായി കൈക്കലാക്കുകയായിരുന്നു.
വർഷങ്ങളോളം നീണ്ട ഗവേഷണത്തിലൂടെ മോട്ടോറോള വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൈറ്റെറ തങ്ങളുടെ ഉൽപ്പന്നങ്ങൾ കുറഞ്ഞ ചിലവിൽ നിർമ്മിക്കുകയും വിപണിയിൽ മോട്ടോറോളയുമായി മത്സരിക്കുകയും ചെയ്തു. ഈ നിയമവിരുദ്ധമായ ഗൂഢാലോചനയിലൂടെ മോട്ടോറോളയ്ക്ക് ഏകദേശം 214 മില്യൺ ഡോളറിന് മേൽ ലാഭവിഹിതം നഷ്ടമായതായി കോടതി കണ്ടെത്തി. കേസിൽ ഹൈറ്റെറ കഴിഞ്ഞ വർഷം കുറ്റസമ്മതം നടത്തിയിരുന്നു. സാമ്പത്തിക പിഴയ്ക്ക് പുറമേ കമ്പനിക്ക് അഞ്ച് വർഷത്തെ പ്രൊബേഷൻ കാലാവധിയും കോടതി വിധിച്ചു.
Also Read: വിൻഡോസ് 11-ൽ ഇനി കോപൈലറ്റ് പടയോട്ടമില്ല; ഐഐ തന്ത്രം അടിമുടി മാറ്റി മൈക്രോസോഫ്റ്റ്!
ഈ ഗൂഢാലോചനയിൽ പങ്കാളികളായ ഹൈറ്റെറയിലെ ഏഴ് ജീവനക്കാർക്കെതിരെയും കോടതി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ കുറ്റം സമ്മതിച്ച ഗീ സിയോങ് കോ എന്ന മുൻ ജീവനക്കാരന്റെ ശിക്ഷ പ്രഖ്യാപിച്ചിട്ടില്ല. കേസിൽ ഉൾപ്പെട്ട മറ്റ് ആറ് പ്രതികൾക്കെതിരെ അറസ്റ്റ് വാറന്റ് നിലവിലുണ്ട്. അമേരിക്കൻ സാങ്കേതികവിദ്യകൾ മോഷ്ടിക്കുന്ന വിദേശ കമ്പനികൾക്കെതിരെയുള്ള ശക്തമായ താക്കീതായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.
The post മോട്ടോറോളയുടെ സാങ്കേതികവിദ്യ മോഷ്ടിച്ചു? ചൈനീസ് കമ്പനിക്ക് 50 മില്യൺ ഡോളർ പിഴ appeared first on Express Kerala.




