കാബൂളിലെ ആശുപത്രിയിൽ പാകിസ്ഥാൻ വ്യോമാക്രമണം; 400 മരണം

കാബൂളിലെ ആശുപത്രിയിൽ പാകിസ്ഥാൻ വ്യോമാക്രമണം; 400 മരണം

ഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ലഹരിവിമുക്ത കേന്ദ്രത്തിന് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ സർക്കാർ ആരോപിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ 2,000 കിടക്കകളുള്ള ഒമിദ് അഡിക്ഷൻ ട്രീറ്റ്മെന്റ് ഹോസ്പിറ്റലിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഏകദേശം 250 പേർക്ക് പരിക്കേറ്റതായും ആശുപത്രിയുടെ വലിയൊരു ഭാഗം തകർക്കപ്പെട്ടതായും താലിബാൻ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്രത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ അറിയിച്ചു.

ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും കെട്ടിടത്തിലുണ്ടായ തീ നിയന്ത്രണവിധേയമാക്കാനും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൃതദേഹങ്ങൾ വീണ്ടെടുക്കാനുമുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഫിത്രത്ത് വ്യക്തമാക്കി. എന്നാൽ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിട്ടില്ലെന്ന് അവകാശപ്പെട്ട പാകിസ്ഥാൻ, ആശുപത്രി ആക്രമിച്ചു എന്ന അഫ്ഗാനിസ്ഥാന്റെ ആരോപണം നിഷേധിച്ചതായി എപി റിപ്പോർട്ട് ചെയ്തു. കാബൂളിലും കിഴക്കൻ അഫ്ഗാനിസ്ഥാനിലും ആക്രമണം നടത്തിയ കാര്യം ഇസ്ലാമാബാദ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അത് സൈനിക ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു എന്നാണ് അവരുടെ വാദം.

Also Read: ചെങ്കടലിൽ അമേരിക്കൻ നാവികർക്ക് ദുരിതകാലം; യുഎസ്എസ് ജെറാൾഡ് ഫോഡിലെ തീപിടിത്തം 30 മണിക്കൂർ നീണ്ടു

അഫ്ഗാൻ മണ്ണിൽ നിന്ന് പാകിസ്ഥാനെതിരെ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾക്ക് താലിബാൻ സഹായം നൽകുന്നു എന്ന പാകിസ്ഥാന്റെ ആരോപണത്തെത്തുടർന്ന് കഴിഞ്ഞ മാസം മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ഈ ആരോപണം തള്ളിക്കളഞ്ഞ താലിബാൻ സർക്കാർ, പാകിസ്ഥാൻ തങ്ങളുടെ പരമാധികാരം ലംഘിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ഇതിനിടെ, പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് താലിബാൻ ഭരണകൂടത്തിനെതിരെ “തുറന്ന യുദ്ധം” പ്രഖ്യാപിച്ചത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച അഫ്ഗാനിലെ ഇന്ധന ഡിപ്പോയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി അഫ്ഗാൻ സേന പാകിസ്ഥാൻ സൈനിക താവളത്തെ ലക്ഷ്യമിട്ടിരുന്നു. ഈ പ്രത്യാക്രമണത്തിന് പിന്നാലെയാണ് ഇപ്പോൾ കാബൂളിലെ ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

The post കാബൂളിലെ ആശുപത്രിയിൽ പാകിസ്ഥാൻ വ്യോമാക്രമണം; 400 മരണം appeared first on Express Kerala.

Spread the love
Scroll to Top