
ബിസിസിഐയുടെ വാർഷിക പുരസ്കാര ചടങ്ങായ ‘നമൻ’ അവാർഡ് വേദിയിൽ രോഹിത് ശർമ്മയുടെ നായകമികവിൽ ഇന്ത്യ നേടിയ നേട്ടം ശുഭ്മാൻ ഗില്ലിന്റെ പേരിലാക്കി രേഖപ്പെടുത്തിയത് വലിയ വിവാദമായിരിക്കുകയാണ്. 2025-ലെ ചാമ്പ്യൻസ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ചത് രോഹിത് ശർമ്മയായിരുന്നുവെങ്കിലും അവാർഡ് നിശയിലെ ഗ്രാഫിക്സിൽ ഈ ചരിത്രനേട്ടം ഗില്ലിന്റെ പേരിലാണ് കാണിച്ചത്. ബിസിസിഐയുടെ ഈ ഗുരുതരമായ പിഴവിനെതിരെ രോഹിത് ആരാധകർ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള പോളി ഉമ്രിഗർ പുരസ്കാരം ശുഭ്മാൻ ഗില്ലിനായിരുന്നു ലഭിച്ചത്. പുരസ്കാരം സ്വീകരിച്ച ശേഷം ഗിൽ വേദിയിലിരിക്കെ സ്ക്രീനിൽ കാണിച്ച ഗ്രാഫിക്സിലാണ് ‘ചാമ്പ്യൻസ് ട്രോഫി നേടിയ നായകൻ’ എന്ന് തെറ്റായി രേഖപ്പെടുത്തിയത്. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ നേടിയ കിരീടവിജയത്തിന് പിന്നാലെ, 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് രോഹിത്തിനെ മാറ്റി ഗില്ലിനെ നായകനാക്കിയിരുന്നു. ഈ മാറ്റത്തിൽ നേരത്തെ തന്നെ അതൃപ്തിയുണ്ടായിരുന്ന ആരാധകർക്ക് ബിസിസിഐയുടെ പുതിയ പിഴവ് ഒട്ടും സഹിക്കാനായില്ല.
Also Read: കമ്മിൻസ് ഔട്ട്, ഇഷാൻ ഇൻ! പരിക്കേറ്റ നായകന് പകരം ഇന്ത്യയുടെ വെടിക്കെട്ട് താരം ഹൈദരാബാദിനെ നയിക്കും
നിലവിൽ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായ ഗിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 700-ലേറെ റൺസടിച്ച മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് മികച്ച താരമായത്. അതേ ചടങ്ങിൽ വനിതാ വിഭാഗത്തിൽ സ്മൃതി മന്ദാന മികച്ച താരമായപ്പോൾ, മുൻ താരങ്ങളായ രാഹുൽ ദ്രാവിഡ്, റോജർ ബിന്നി, മിതാലി രാജ് എന്നിവർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. ലോകകപ്പ് ജേതാക്കളെയും ചാമ്പ്യൻസ് ട്രോഫി ജേതാക്കളെയും വേദിയിൽ ആദരിച്ചുവെങ്കിലും, നായകസ്ഥാനത്തെ ചൊല്ലിയുണ്ടായ ഈ പിഴവ് ചടങ്ങിന്റെ ശോഭയ്ക്ക് മങ്ങലേൽപ്പിച്ചു.
The post രോഹിതിന്റെ നേട്ടം ഗില്ലിന്റെ അക്കൗണ്ടിൽ! ബിസിസിഐ അവാർഡ് വേദിയിൽ വൻ അബദ്ധം, ആരാധകർ കലിപ്പിൽ appeared first on Express Kerala.




