
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ ന്യൂനപക്ഷ മോർച്ച നേതാവ് നോബിൾ മാത്യുവിനെ പാർട്ടി സസ്പെൻഡ് ചെയ്തു. ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയും പ്രാദേശിക തലത്തിൽ പ്രതിഷേധം ശക്തമാണ്.
കാഞ്ഞിരപ്പള്ളി സീറ്റ് പ്രതീക്ഷിച്ചിരുന്ന നോബിൾ മാത്യു, തനിക്ക് അവസരം നിഷേധിച്ചതിന് പിന്നിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനാണെന്ന് ആരോപിച്ചു. പ്രകാശ് ജാവദേക്കർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അനുനയ നീക്കം നടത്തുന്നതിനിടെ ജോർജ് കുര്യൻ ഇടപെട്ട് തന്നെ പുറത്താക്കുകയായിരുന്നുവെന്ന് നോബിൾ മാത്യു പറഞ്ഞു. ജോർജ് കുര്യനെതിരെയുള്ള കൂടുതൽ കാര്യങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാഞ്ഞിരപ്പള്ളിയിൽ സ്വതന്ത്രനായി മത്സരിക്കാനാണ് നോബിളിന്റെ നീക്കം.
Also Read: എൻഡിഎ സഖ്യത്തിൽ ട്വന്റി-20; ഏറ്റുമാനൂരിൽ നടി വീണാ നായർ കളം പിടിക്കുന്നു
ബിജെപിക്ക് വലിയ സ്വാധീനമുള്ള ചെങ്ങന്നൂരിൽ എം.വി. ഗോപകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിലാണ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം.
പി.എസ്. ശ്രീധരൻ പിള്ളയോ സന്ദീപ് വചസ്പതിയോ മത്സരിക്കുമെന്നാണ് അണികൾ പ്രതീക്ഷിച്ചിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്തിൽ പോലും പരാജയപ്പെട്ട ഗോപകുമാറിനെ നിയമസഭയിലേക്ക് പരിഗണിക്കുന്നത് സി.പി.എമ്മുമായുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നു.
ട്വന്റി-20 ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് കൂടുതൽ സീറ്റുകൾ വിട്ടുനൽകുന്നതിലും ബിജെപിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ മണ്ഡലങ്ങളിലെ പട്ടിക പുറത്തുവരുന്നതോടെ പ്രതിഷേധം മറ്റ് ഇടങ്ങളിലേക്കും വ്യാപിക്കുമെന്ന സൂചനയുണ്ട്.
The post ബിജെപിയിൽ സ്ഥാനാർത്ഥി പോര്; നോബിൾ മാത്യുവിന് സസ്പെൻഷൻ, ചെങ്ങന്നൂരിലും അതൃപ്തി appeared first on Express Kerala.




