ലീഗ് സ്ഥാനാർത്ഥി പട്ടിക; വേങ്ങരയിൽ കെ.എം. ഷാജി, പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം

ലീഗ് സ്ഥാനാർത്ഥി പട്ടിക; വേങ്ങരയിൽ കെ.എം. ഷാജി, പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം

മുസ്‌ലിം ലീഗിന്റെ നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിർണ്ണായകമായ അഴിച്ചുപണികൾ. ആകെയുള്ള 27 സീറ്റുകളിൽ 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ മുതിർന്ന നേതാവ് എം.കെ. മുനീർ ഇത്തവണ മത്സരരംഗത്തില്ല എന്നതാണ് പട്ടികയിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം. പാർലമെന്ററി രംഗത്തെ കരുത്തനായ പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ സ്ഥിരം തട്ടകമായ വേങ്ങരയിൽ നിന്ന് മാറി ഇത്തവണ മലപ്പുറം മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്.

കുഞ്ഞാലിക്കുട്ടിക്ക് പകരം കെ.എം. ഷാജിയാണ് വേങ്ങരയിൽ ലീഗിനായി കളത്തിലിറങ്ങുന്നത്. യുവനേതൃത്വത്തിനും സ്ത്രീകൾക്കും അർഹമായ പരിഗണന നൽകിയ പട്ടികയിൽ, എം.എസ്.എഫ് മുൻ ദേശീയ നേതാവ് ഫാത്തിമ തഹ്‌ലിയ പേരാമ്പ്രയിൽ സ്ഥാനാർത്ഥിയാകും. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ് താനൂർ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകും. കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവാണ് ലീഗ് പ്രതിനിധി. അഴീക്കോട് കരീം ചേലേരിയും മഞ്ചേശ്വരത്ത് എ.കെ.എം. അഷ്‌റഫും മത്സരിക്കുമ്പോൾ കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ളയാണ് ജനവിധി തേടുന്നത്.

ജില്ലാടിസ്ഥാനത്തിലുള്ള നീക്കുപോക്കുകളിൽ തിരൂരങ്ങാടിയിൽ മുൻ മന്ത്രി അബ്ദുറബ്ബിന്റെ സഹോദരൻ അൻവർ നഹ സ്ഥാനാർത്ഥിയാകും. മഞ്ചേരിയിൽ റഹ്മത്തുള്ളയും, കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങളും, മണ്ണാർക്കാട് എൻ. ഷംസുദ്ദീനും കളത്തിലിറങ്ങും. തിരുവമ്പാടിയിൽ ഇത്തവണ പൊതുസമ്മതനെ നിർത്താതെ പാർട്ടി സ്ഥാനാർത്ഥിയായി സി.കെ. കാസിമിനെ തന്നെ നിയോഗിച്ചു. കളമശ്ശേരിയിൽ വി.ഇ. അബ്ദുൽ ഗഫൂറും, കൂത്തുപറമ്പിൽ ജയന്തി രാജനും മത്സരിക്കും. പുനലൂർ, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാനാണ് പാർട്ടി തീരുമാനം.

The post ലീഗ് സ്ഥാനാർത്ഥി പട്ടിക; വേങ്ങരയിൽ കെ.എം. ഷാജി, പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം appeared first on Express Kerala.

Spread the love
Scroll to Top