
പങ്കാളികൾ തമ്മിലുള്ള വൈകാരികവും ശാരീരികവുമായ അടുപ്പം ശാരീരികമായ മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. ദമ്പതികൾക്കിടയിലെ പോസിറ്റീവ് ആയ ഇടപെടലുകളും സ്നേഹപ്രകടനങ്ങളും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും രോഗമുക്തി വേഗത്തിലാക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തൽ. പ്രശസ്ത വൈദ്യശാസ്ത്ര ജേണലായ ‘ജാമ സൈക്യാട്രി’യിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എൺപതോളം ദമ്പതികളിൽ നടത്തിയ പരീക്ഷണത്തിലൂടെയാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. പങ്കാളികൾക്കിടയിലെ അടുപ്പവും ഹോർമോൺ വ്യതിയാനങ്ങളും മുറിവുണങ്ങുന്ന പ്രക്രിയയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് സംഘം നിരീക്ഷിച്ചു. ഇതിനായി ദമ്പതികളുടെ കൈത്തണ്ടയിൽ ചെറിയ കുമിളകൾക്ക് സമാനമായ മുറിവുകൾ ഉണ്ടാക്കിയ ശേഷം അവരെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് നിരീക്ഷണം നടത്തിയത്.
Also Read: വാക്കുകൾ പുനർജനിക്കുന്ന മുറികൾ; വിക്ടർ ഹ്യൂഗോയുടെ ആന്തരലോകത്തിലൂടെ ഒരു യാത്ര
‘ലവ് ഹോർമോൺ’ എന്നറിയപ്പെടുന്ന ഓക്സിടോസിൻ അടങ്ങിയ നേസൽ സ്പ്രേയും പങ്കാളിയെ അഭിനന്ദിക്കുന്ന പ്രത്യേക ടാസ്ക്കുകളും നൽകിയ ഗ്രൂപ്പുകളിലാണ് ഏറ്റവും വേഗത്തിൽ മുറിവ് ഉണങ്ങിയതായി കണ്ടത്. ഓക്സിടോസിൻ ഹോർമോൺ ശരീരത്തിലെ ഉത്കണ്ഠയും സമ്മർദവും കുറയ്ക്കുന്നതിനൊപ്പം ഇൻഫ്ലമേഷൻ (വീക്കം) തടയാനും സഹായിക്കുന്നു. പങ്കാളികൾ തമ്മിലുള്ള ഹൃദ്യമായ സംഭാഷണങ്ങളും ശാരീരികമായ അടുപ്പവും ശരീരത്തിലെ കോർട്ടിസോളിന്റെ (സ്ട്രെസ് ഹോർമോൺ) അളവ് ഗണ്യമായി കുറയ്ക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.
ഓക്സിടോസിൻ സ്പ്രേ നൽകിയവരേക്കാൾ, സ്പ്രേയ്‌ക്കൊപ്പം പങ്കാളിയുമായി ഊഷ്മളമായ ബന്ധം പുലർത്തുകയും പരസ്പരം സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തവരിലാണ് മുറിവുകൾ അതിവേഗം ഭേദമായത്. കേവലം ഹോർമോണുകൾ മാത്രമല്ല, ദമ്പതികൾക്കിടയിലെ ഗുണപരമായ ഇടപെടലുകളാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പരസ്പരമുള്ള സ്നേഹവും കരുതലും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലൂടെ മുറിവുകൾ ഉണങ്ങുന്ന പ്രക്രിയ സുഗമമാകുന്നുവെന്നാണ് ഈ പഠനം അടിവരയിടുന്നത്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post പങ്കാളിയുമായുള്ള സ്നേഹബന്ധം മുറിവുണക്കും; പുതിയ പഠനം ഇങ്ങനെ appeared first on Express Kerala.




