
ബോക്സ് ഓഫീസിൽ ഷാജി പാപ്പനും സംഘവും അശ്വമേധം തുടരുന്നു. റിലീസ് ചെയ്ത് രണ്ടാം വാരാന്ത്യം പിന്നിടുമ്പോൾ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് 3’ ആഗോളതലത്തിൽ 111 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ നേടി ചരിത്രം കുറിച്ചു. ചിത്രത്തിന്റെ ഈ വമ്പൻ വിജയം ആഘോഷമാക്കാൻ രസകരമായ രംഗങ്ങൾ കോർത്തിണക്കിയ പുതിയ ‘സക്സസ് ടീസർ’ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
നൂറു കോടി ക്ലബിൽ പുതിയ ചരിത്രം
മലയാള സിനിമയിൽ 100 കോടി ക്ലബിലെത്തുന്ന പതിനാലാമത്തെ ചിത്രമെന്ന ബഹുമതിയാണ് ‘ആട് 3’ സ്വന്തമാക്കിയത്. നടൻ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണിത്. കൂടാതെ, നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ ആദ്യ നൂറു കോടി നേട്ടവും, കാവ്യ ഫിലിം കമ്പനിയുടെ രണ്ടാമത്തെ നൂറു കോടി ചിത്രവുമായി ആട് 3 മാറി. ഒരു ബിഗ് ബജറ്റ് എപിക് ഫാൻ്റസി മൂഡിലെത്തിയ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.
Also Read:കത്തനാർ ട്രെയ്‌ലർ തരംഗമാകുന്നു; അനുഷ്ക ഷെട്ടി കള്ളിയങ്കാട്ട് നീലിയോ? പ്രേക്ഷകരുടെ കണ്ടെത്തൽ
കേരളത്തിൽ നിന്ന് മാത്രം ഇതുവരെ 42 കോടിയോളം ഗ്രോസ് കളക്ഷൻ ചിത്രം നേടിയിട്ടുണ്ട്. ഗൾഫ് നാടുകളിലും മറ്റ് വിദേശ വിപണികളിലും ചിത്രം തകർപ്പൻ മുന്നേറ്റമാണ് നടത്തുന്നത്. കുടുംബപ്രേക്ഷകരുടെ വലിയ പിന്തുണയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജയസൂര്യക്കൊപ്പം വിനായകൻ, സൈജു കുറുപ്പ്, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം ഒരു പക്കാ ഫൺ എന്റർടെയ്‌നറായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, ആട് ഫ്രാഞ്ചൈസിയെ മലയാള സിനിമയിലെ ഒരു ‘ഗെയിം ചേഞ്ചർ’ എന്ന നിലയിലേക്ക് ഉയർത്തിയിരിക്കുകയാണ്. വിദേശത്തും കേരളത്തിലും ഒരേപോലെ ഹൗസ്ഫുൾ ഷോകളുമായി ഷാജി പാപ്പന്റെ ജൈത്രയാത്ര തുടരുകയാണ്.
The post ആഗോള ബോക്സ് ഓഫീസിൽ 111 കോടി! ഷാജി പാപ്പന്റെ പടയോട്ടം; ‘ആട് 3’ വിജയക്കുതിപ്പ് തുടരുന്നു appeared first on Express Kerala.




