
യേശുക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. അൻപതു നോമ്പിലെ വിശുദ്ധ വാരത്തിലെ അഞ്ചാം ദിവസമായ ഇന്ന് വിനയത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ചടങ്ങുകളാണ് പള്ളികളിൽ നടക്കുന്നത്. അന്ത്യഅത്താഴ വേളയിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃക കാണിച്ചതിനെ അനുസ്മരിച്ച്, പള്ളികളിൽ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങൾ കഴുകുന്ന കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർത്ഥനകളും നടക്കും.
പെസഹായോടനുബന്ധിച്ച് ക്രൈസ്തവ ഭവനങ്ങളിൽ അപ്പവും പാലും തയ്യാറാക്കി പ്രാർത്ഥനയോടെ മുറിച്ചു പങ്കിടുന്ന ചടങ്ങുകളും നടക്കും. കുരിശുമരണത്തിന് മുന്നോടിയായി യേശു നൽകിയ പുതിയ ഉടമ്പടിയുടെ സ്മരണ കൂടിയാണ് ഈ ദിനം. വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകൾക്ക് ശേഷം, നാളെ ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ സ്മരണയിൽ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കും.
The post പെസഹ വ്യാഴം! അന്ത്യഅത്താഴത്തിന്റെ സ്മരണയിൽ ക്രൈസ്തവ ലോകം appeared first on Express Kerala.




