
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടിയതോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനക്കുന്നു. മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതായും ഇറാൻ ചർച്ചകളിൽ നിന്ന് ഔദ്യോഗികമായി പിന്മാറിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്ക മുന്നോട്ടുവെച്ച കർശന നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, തുടർചർച്ചകൾക്കായി ഉദ്യോഗസ്ഥരെ ഇസ്ലാമാബാദിലേക്ക് അയക്കില്ലെന്നും അറിയിച്ചു. ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രധാന വിലങ്ങുതടി.
ഹോർമൂസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകിയാൽ മാത്രമേ വെടിനിർത്തൽ പരിഗണിക്കൂ എന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടാണ് ഇറാനെ ചൊടിപ്പിച്ചത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇറാൻ വൃത്തങ്ങൾ വ്യക്തമാക്കി. ഇതോടെ മേഖലയിലെ സമാധാന ശ്രമങ്ങൾ പൂർണ്ണമായും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നയതന്ത്ര തലത്തിലുള്ള നീക്കങ്ങൾ പാളിയതോടെ സൈനികമായ നീക്കങ്ങളിലേക്ക് ഇരു രാജ്യങ്ങളും കടക്കുന്നതായാണ് സൂചന.
അതേസമയം, സംഘർഷം രൂക്ഷമാക്കിക്കൊണ്ട് അമേരിക്കയുടെ രണ്ട് അത്യാധുനിക യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അവകാശപ്പെട്ടു. ഒരു എഫ്-15 ഇ, ഒരു എഫ്-35 എന്നീ വിമാനങ്ങളാണ് ഇറാൻ തകർത്തതെന്നാണ് റിപ്പോർട്ട്. വിമാനം തകരുന്നതിന് മുൻപ് പുറത്തേക്ക് ചാടിയ അമേരിക്കൻ പൈലറ്റുമാർക്കായി തിരച്ചിൽ തുടരുകയാണ്.
The post ട്രംപിന്റെ ആവശ്യം തള്ളി ഇറാൻ; അമേരിക്കയുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറി…! appeared first on Express Kerala.




