വാട്‌സാപ്പിൽ ഇനി ‘സിം ബൈൻഡിങ്’; സിം കാർഡ് മാറ്റിയാൽ ആപ്പ് പ്രവർത്തിക്കില്ല?

വാട്‌സാപ്പിൽ ഇനി ‘സിം ബൈൻഡിങ്’; സിം കാർഡ് മാറ്റിയാൽ ആപ്പ് പ്രവർത്തിക്കില്ല?

മെസേജിങ് ആപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി ‘സിം ബൈൻഡിങ്’ സംവിധാനം പരീക്ഷിക്കാൻ ഒരുങ്ങി വാട്‌സാപ്പ്. ഫോണിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്‌സാപ്പ് പ്രവർത്തനം നിർത്തുന്ന രീതിയാണിത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി, വാട്‌സാപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡ് ഫോണിലുണ്ടോ എന്ന് പരിശോധിക്കാനുള്ള വേരിഫിക്കേഷൻ സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ചുതുടങ്ങി. ഡിസംബർ 31-നകം പുതിയ സുരക്ഷാ നിയമങ്ങൾ നടപ്പാക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെത്തുടർന്നാണ് ഈ നീക്കം.

നിലവിലെ സാഹചര്യത്തിൽ വാട്‌സാപ്പ് അക്കൗണ്ട് തുടങ്ങാൻ മാത്രമേ സിം കാർഡിന്റെ ആവശ്യമുള്ളൂ. ഒരിക്കൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ സിം മാറ്റിയാലും വൈഫൈ ഉപയോഗിച്ച് ആപ്പ് പ്രവർത്തിപ്പിക്കാൻ സാധിക്കുമായിരുന്നു. ഈ പഴുത് ഉപയോഗിച്ച് സിം ഉപേക്ഷിച്ചും മറ്റും തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങൾ അയക്കുന്നത് തടയുക എന്നതാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. വിദേശത്ത് നിന്നുൾപ്പെടെ വൈഫൈ വഴി നടത്തുന്ന സൈബർ കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ സിം ബൈൻഡിങ് സഹായിക്കും. ബാങ്കിങ് ആപ്പുകളിലും യു.പി.ഐ പ്ലാറ്റ്‌ഫോമുകളിലും നിലവിൽ ഈ സുരക്ഷാ സംവിധാനമുണ്ട്.

വാട്‌സാപ്പിന് പുറമെ ഷെയർചാറ്റ്, അറാട്ടൈ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും സിം ലിങ്കിങ് നിയമം പാലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുറ്റവാളികളെ എളുപ്പത്തിൽ കണ്ടെത്താനും പ്ലാറ്റ്‌ഫോമുകളിലെ സുതാര്യത വർദ്ധിപ്പിക്കാനും ടെലികോം വകുപ്പ് ഈ നീക്കത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. സിം മാറ്റുമ്പോഴോ പുതിയ ഫോണിലേക്ക് മാറുമ്പോഴോ ഇനി മുതൽ കൂടുതൽ കർശനമായ സുരക്ഷാ പരിശോധനകൾ ഉപഭോക്താക്കൾ നേരിടേണ്ടി വരും. ഇതോടെ വ്യാജ പ്രൊഫൈലുകൾ വഴിയുള്ള കുറ്റകൃത്യങ്ങൾ കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

The post വാട്‌സാപ്പിൽ ഇനി ‘സിം ബൈൻഡിങ്’; സിം കാർഡ് മാറ്റിയാൽ ആപ്പ് പ്രവർത്തിക്കില്ല? appeared first on Express Kerala.

Spread the love
Scroll to Top