കാലിഫോർണിയ: ഗ്രോക്ക് എഐ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെയും കുട്ടികളുടെയും സാധാരണ ഫോട്ടോകൾ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ മാറ്റുന്നതിനെതിരെ എക്‌സ് പ്ലാറ്റ്‌ഫോമിനെതിരെ ആഗോള പ്രതിഷേധം ശക്തമാകുന്നു. ഈ പ്രവണത ഇക്കഴിഞ്ഞ ദിവസങ്ങളിൽ എക്‌സിൽ വ്യാപകമായതോടെയാണ് വനിതാ അവകാശ സംഘടനകളും സൈബർ സുരക്ഷാ വിദഗ്ധരും ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉപയോക്താക്കൾ ഗ്രോക്ക് എഐ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. പുതുവത്സര ദിനത്തിൽ ഈ പ്രവണത കൂടുതൽ വ്യാപകമായതായും, ഇത്തരം ഉള്ളടക്കങ്ങൾ എക്‌സ് പ്ലാറ്റ്‌ഫോമിൽ വ്യാപകമായി പങ്കുവച്ചതായും വ്യക്തമാകുന്നു. ഇതുവഴി വ്യക്തികളുടെ സ്വകാര്യതയും മാനവാവകാശങ്ങളും ഗുരുതരമായി ലംഘിക്കപ്പെടുന്നുവെന്നാണ് ആക്ഷേപം. എഐ സാങ്കേതികവിദ്യ, വ്യക്തികളെ അപമാനിക്കാനും തേജോവധം ചെയ്യാനും ഉപയോഗിക്കുന്നത് ആഗോളതലത്തിൽ വലിയ ആശങ്ക ഉയർത്തുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ദുരുപയോഗങ്ങൾ ഇരകളെ ഗുരുതരമായ മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പുണ്ട്.
Also Read: കണ്ടന്റ് ക്രിയേറ്റർമാർക്ക് വൻ അവസരമൊരുക്കി ‘എക്‌സ്’; യൂട്യൂബിനേക്കാൾ കൂടുതൽ പ്രതിഫലം വാഗ്ദാനം?
ഗ്രോക്ക് എഐയുടെ ദുരുപയോഗം ഉടൻ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വനിതാ അവകാശ പ്രവർത്തകർ രംഗത്തെത്തി. വിഷയത്തിൽ എക്‌സ് ഉടമ ഇലോൺ മസ്‌ക് അടിയന്തരമായി ഇടപെടണമെന്നാണ് അവരുടെ ആവശ്യം. പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ ഗ്രോക്കിന്റെ ചില മീഡിയ ഫീച്ചറുകൾ എക്‌സ് താൽക്കാലികമായി മറച്ചെങ്കിലും, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യപ്പെടുന്നതും ഷെയര്‍ ചെയ്യപ്പെടുന്നതും തടസ്സമില്ലാതെ തുടര്‍ന്നതായി സിഎന്‍ബിസിടിവി18-ന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ എക്‌സ് പരാജയപ്പെടുന്നുവെന്ന വിമർശനമാണ് ഇപ്പോൾ ശക്തമാകുന്നത്. ഇന്ത്യയിലും ഗ്രോക്ക് എഐ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈനില്‍ സുഹൃത്തുക്കളെയും എതിരാളികളെയും ട്രോളുന്നതിനും അപ്പുറം വലിയ സൈബര്‍ ഭീഷണിയാണ് ഇത്തരം എഐ ചിത്രങ്ങള്‍ എന്ന് സൈബര്‍ വിദഗ്‌ധര്‍ പറയുന്നു. ഈ സാഹചര്യത്തിൽ, പല വനിതാ ഉപയോക്താക്കളും സുരക്ഷാ ആശങ്കകൾ മൂലം സ്വന്തം അക്കൗണ്ടുകളിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. എഐ ദുരുപയോഗം നിയന്ത്രിക്കാൻ ശക്തമായ നിയമപരവും സാങ്കേതികവുമായ ഇടപെടലുകൾ അനിവാര്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
The post ‘ഗ്രോക്ക്’ വഴി മോർഫ് ചെയ്ത് ഫോട്ടോകള്‍; എക്‌സിനെതിരെ പ്രതിഷേധം appeared first on Express Kerala.



