
മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം പ്രവാസലോകത്ത് സമുചിതമായി കൊണ്ടാടാൻ ഒരുങ്ങി കെഎംസിസി ബഹ്‌റൈൻ. രാജ്യത്തിന്റെ ചരിത്രവും ഭരണഘടനാ പ്രഖ്യാപനങ്ങളും പുതിയ തലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ കെഎംസിസി ബഹ്‌റൈൻ ആസ്ഥാനത്ത് ദേശീയപതാക ഉയർത്തുന്നതോടെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ എട്ടുമണിക്ക് നടക്കുന്ന വിദ്യാർഥികളുടെ മാർച്ച് പാസ്റ്റ് ആഘോഷങ്ങൾക്ക് കൂടുതൽ തിളക്കം പകരും.
Also Read: കുതികാൽ വെട്ടില്ല എന്ന് വിശ്വസിക്കാം! ഹോർമുസ് കടലിടുക്കിലെ സംഘർഷത്തിന് അയവുവരുന്നു? ചർച്ചകൾ അനുകൂല അന്തരീക്ഷത്തിലെന്ന് ഒമാൻ
വൈകീട്ട് അഞ്ചുമണി മുതൽ കെഎംസിസി ആസ്ഥാനത്തെ ഇ. അഹമ്മദ് മെമ്മോറിയൽ ഹാളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവും ഭരണഘടനാ നിർമ്മാണവും അടയാളപ്പെടുത്തുന്ന ദേശീയോദ്ഗ്രഥന ചിത്രപ്രദർശനം അരങ്ങേറും. തുടർന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഹാളിൽ വിദ്യാർത്ഥികൾക്കായുള്ള ദേശഭക്തി ഗാനാലാപന മത്സരവും പ്രച്ഛന്നവേഷ മത്സരവും നടക്കും.
വിവിധ കലാമത്സരങ്ങൾക്ക് ശേഷം നടക്കുന്ന വിപുലമായ പൊതുസമ്മേളനത്തോടെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സമാപനമാകും. പ്രൗഢഗംഭീരമായ ഈ ആഘോഷപരിപാടികളിലേക്ക് മുഴുവൻ അംഗങ്ങളെയും കുടുംബാംഗങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി കെഎംസിസി ബഹ്‌റൈൻ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് 35195778, 33673767 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
The post ബഹ്‌റൈനിൽ കെഎംസിസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നു appeared first on Express Kerala.




