വിപണിയിൽ പരിശോധന ശക്തമാക്കി ദുബായ് കൺസ്യൂമർ പ്രൊട്ടക്ഷൻ; ഉപഭോക്താക്കൾക്ക് കർശന മുന്നറിയിപ്പ്

വിപണിയിൽ പരിശോധന ശക്തമാക്കി ദുബായ് കൺസ്യൂമർ പ്രൊട്ടക്ഷൻ; ഉപഭോക്താക്കൾക്ക് കർശന മുന്നറിയിപ്പ്

ദുബായ്: പുതിയ അധ്യയന വർഷത്തേക്കുള്ള ഒരുക്കങ്ങൾക്കായി വിപണി സജീവമായതോടെ, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിലകളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ദുബായ് കൺസ്യൂമർ പ്രൊട്ടക്ഷൻ വകുപ്പ് പരിശോധന ശക്തമാക്കി. റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, മാർക്കറ്റുകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിൽ വ്യാപകമായ പരിശോധനാ ക്യാംപെയ്‌നുകളാണ് അധികൃതർ ആരംഭിച്ചിരിക്കുന്നത്.

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന വാഗ്ദാനങ്ങളും പരസ്യങ്ങളും കൃത്യമാണോയെന്ന്‌ പരിശോധിക്കാൻ ഫീൽഡ് ഇൻസ്‌പെക്ടർമാരെയും ബോധവത്കരണസംഘങ്ങളെയും രംഗത്തിറക്കിയിട്ടുണ്ടെന്ന് ദുബായ് കോർപ്പറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡിന്റെ ആക്ടിങ് ഡയറക്ടർ അഹമ്മദ് അഹ്ലി വ്യക്തമാക്കി. വ്യാജ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നതും കൃത്യമായ വില പ്രദർശിപ്പിക്കാത്തതുമായ രീതികൾ തടയുകയാണ് ഈ പരിശോധനയുടെ പ്രധാന ലക്ഷ്യം. ഷോപ്പിങ്ങിനിടയിൽ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കൾ തങ്ങളുടെ കൈവശമുള്ള ബില്ലുകളോടെ അധികാരികളെ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Also Read: ദുബായ്-അൽ ഐൻ റോഡിൽ പുതിയ ടണൽ തുറന്നു; ഗതാഗതക്കുരുക്കിന് വിരാമമിട്ട് ആർ.ടി.എ.യുടെ പദ്ധതി

അതേസമയം, സ്കൂൾ ഷോപ്പിംഗിനായി പുറത്തിറങ്ങുന്ന കുടുംബങ്ങൾക്കായി അധികൃതർ പ്രത്യേക മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഷോപ്പിങ്ങിന് പോകുന്നതിനു മുൻപ് ആവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുന്നത് അനാവശ്യ ചെലവുകൾ ഒഴിവാക്കാനും ബജറ്റ് കൃത്യമായി പാലിക്കാനും സഹായിക്കും. പെട്ടെന്നുള്ള കിഴിവുകളിൽ ആകൃഷ്ടരാകാതെ, വിവിധ കടകളിലെ വിലകൾ താരതമ്യം ചെയ്ത് മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഇലക്‌േട്രാണിക്‌സ് സാധനങ്ങൾ വാങ്ങുമ്പോൾ വാറന്റിയും അനുബന്ധ രേഖകളും ഉറപ്പുവരുത്തുകയും ഭാവിയിലെ ആവശ്യങ്ങൾക്കായി ബില്ലുകളും ഡിജിറ്റൽ രസീതുകളും സുരക്ഷിതമായി സൂക്ഷിക്കുകയും വേണം.

വിശ്വസനീയമായ വെബ്സൈറ്റുകളിൽനിന്ന് മാത്രം ഓൺലൈൻ വാങ്ങലുകൾ നടത്താനും, റിട്ടേൺ പോളിസികളും ഉത്പന്ന വിവരണങ്ങളും വ്യക്തമായി വായിച്ചു മനസ്സിലാക്കാനും ഉപഭോക്താക്കൾ തയ്യാറാകണം. ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം കുട്ടികളെ മനസ്സിലാക്കിക്കൊടുക്കാനും ഉത്തരവാദിത്വത്തോടെ പണം ചെലവഴിക്കാൻ ശീലിപ്പിക്കാനും ഷോപ്പിങ്ങ് പട്ടിക തയ്യാറാക്കുന്നതിൽ അവരെയും പങ്കാളികളാക്കാവുന്നതാണ്. സീസണിന്റെ തുടക്കത്തിൽ തന്നെ ഷോപ്പിങ് പൂർത്തിയാക്കുന്നത് അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനും ആവശ്യമുള്ള സാധനങ്ങൾ കിട്ടാതെ വരുന്ന സാഹചര്യം തടയാനും ഏറെ സഹായകരമാകും.

See also  ഉന്നതർ വീണു, കസേരകൾ മാറി ! അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ ഇറാൻ ഒരുക്കുന്നത് എന്ത് തന്ത്രം?

The post വിപണിയിൽ പരിശോധന ശക്തമാക്കി ദുബായ് കൺസ്യൂമർ പ്രൊട്ടക്ഷൻ; ഉപഭോക്താക്കൾക്ക് കർശന മുന്നറിയിപ്പ് appeared first on Express Kerala.

Spread the love
Scroll to Top