
ബൊഗോട്ട: കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയിലും അയൽരാജ്യമായ ഇക്വഡോറിലുമുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ 20 പേർ മരിച്ചു (Colombia earthquake 20 dead magnitude 7 4). റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ടുകൾ.
പ്രാദേശിക സമയം തിങ്കളാഴ്ചയുണ്ടായ പ്രകമ്പനത്തെ തുടർന്ന് കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിലും ഇക്വഡോർ തലസ്ഥാനമായ ക്വിറ്റോയിലും ജനങ്ങൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങി. ബൊഗോട്ടയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറുള്ള സാൻ ജോസ് ഡെൽ പാൽമർ (San Jose del Palmar) ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ (USGS) വ്യക്തമാക്കിയത്.
കൊളംബിയയ്ക്കും ഇക്വഡോറിനും പുറമെ വടക്ക് പനാമ വരെയും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ദുരന്തബാധിത മേഖലകളിൽ സൈന്യത്തിന്റെയും സിവിൽ ഡിഫൻസിന്റെയും നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിന്റെ വ്യാപ്തി ഉയർന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Story Summary: A powerful 7.4 magnitude earthquake struck western Colombia and Ecuador, killing at least 20 people and trapping many under collapsed building debris.




