
‘കിംഗ് ഓഫ് കൊത്ത’യ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ മലയാള ചിത്രം ‘ഐ ആം ഗെയിമി’ലെ ആദ്യ ഗാനമായ ‘മഴവില്ലായേ’ പുറത്തിറങ്ങി. ‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലറിന് ജേക്സ് ബിജോയ് ആണ് സംഗീതം പകർന്നിരിക്കുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം വരുന്ന ഓഗസ്റ്റ് 20-ന് ഓണം റിലീസായി തീയേറ്ററുകളിലെത്തും.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണങ്ങൾ തയ്യാറാക്കിയത്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് പാൻ-ഇന്ത്യൻ തലത്തിൽ വമ്പൻ സ്വീകരണമാണ് ലഭിച്ചത്. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും മികച്ച ദൃശ്യങ്ങളും കൊണ്ട് ശ്രദ്ധേയമായ ട്രെയിലർ, മലയാള സിനിമ ഇതുവരെ കാണാത്ത രീതിയിലുള്ള ഒരു സ്റ്റൈലിഷ് അനുഭവമായിരിക്കും സിനിമയെന്ന പ്രതീക്ഷ നൽകുന്നു. തെന്നിന്ത്യയിലുടനീളമുള്ള നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിലൊന്നായാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്.
Also Read: വേർപാടുകൾ എന്നും വേദനയാണ്…’സുബർക്കത്തിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടും, ഇതിനേക്കാൾ മനോഹരമായി ജീവിക്കും’
ദുൽഖർ സൽമാന്റെ 40-ാമത് ചിത്രമെന്ന പ്രത്യേകത കൂടിയുള്ള ഈ മാസ്സ് ആക്ഷൻ എൻ്റർടെയ്നറിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ദുൽഖറിനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജിംഷി ഖാലിദിൻ്റെ ഛായാഗ്രഹണവും പ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർമാരായ അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കിയ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
The post ആവേശം വിതറി ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’; വൈറലായി ‘മഴവില്ലായേ’ ഗാനം! appeared first on Express Kerala.




