
ബെയ്ജിങ്: മലനിരകളിൽ കുടുങ്ങിയ രണ്ട് വയോധികർ രക്ഷാപ്രവർത്തകരുടെ വിളി കേട്ടിട്ടും പ്രതികരിക്കാതെ രക്ഷാസംഘങ്ങളിൽ നിന്ന് അകന്നുനടന്ന സംഭവമാണ് ചൈനയിൽ കൗതുകവും ചർച്ചയും സൃഷ്ടിക്കുന്നത് (China Mountain Rescue Superstition). പരിചിതമായ ശബ്ദത്തിൽ വിളിക്കുന്നത് മലയിൽ വസിക്കുന്ന ദുഷ്ടാത്മാക്കളാണെന്ന പഴയ അന്ധവിശ്വാസത്തെ തുടർന്നാണ് ഇരുവരും രക്ഷാപ്രവർത്തകരോട് പ്രതികരിക്കാതിരുന്നതെന്നാണ് റിപ്പോർട്ട്.
ജൂലൈ 29-ന് ബെയ്ജിങ്ങിലെ ഹുവൈറോ ജില്ലയിൽ നിന്നാണ് സംഭവത്തിന് തുടക്കം. സമീപ ഗ്രാമത്തിൽ നിന്നുള്ള 73 വയസുകാരനും 58 വയസുകാരിയുമായ രണ്ട് അയൽവാസികൾ ഔഷധസസ്യങ്ങൾ ശേഖരിക്കുന്നതിനായി വനമേഖലയിലേക്ക് പോയി കാണാതായതിനെ തുടർന്ന് പൊലീസ്, അഗ്നിരക്ഷാസേന എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. ഇരുവർക്കും കേൾവിക്കുറവുണ്ടായിരുന്നു. മലയിൽ മൊബൈൽ ഫോൺ സിഗ്നൽ ലഭിക്കാത്തതിനാൽ ഫോണുകളും കൈവശമുണ്ടായിരുന്നില്ല. ഭക്ഷണവും വെള്ളവും ഇല്ലാത്ത അവസ്ഥയിലായിരുന്നു ഇവർ.
രാത്രിയോടെ ആരംഭിച്ച തിരച്ചിൽ ഏകദേശം 17 മണിക്കൂർ നീണ്ടു. ഒടുവിൽ ഏകദേശം 30 മണിക്കൂറായി മലയിൽ കുടുങ്ങിക്കിടന്ന ഇരുവരെയും രക്ഷാപ്രവർത്തകർ കണ്ടെത്തി. എന്നാൽ തങ്ങളെ തേടി രക്ഷാസംഘങ്ങൾ വിളിച്ചിരുന്നതായി ഇരുവരും പിന്നീട് പറഞ്ഞു. എന്നിട്ടും വിളിയോട് പ്രതികരിച്ചില്ലെന്ന് മാത്രമല്ല, ശബ്ദം കേട്ട ദിശയിൽ നിന്ന് അകന്നുനടക്കുകയും ചെയ്തിരുന്നു. ചൈനീസ് നാടോടിക്കഥകളിൽ മലയിൽ നിന്നു പരിചിതമായ ശബ്ദത്തിൽ പേര് വിളിച്ചാൽ പ്രതികരിക്കരുത് എന്നൊരു വിശ്വാസമുണ്ട്. മലദേവതകളോ ദുഷ്ടാത്മാക്കളോ പരിചിതരുടെ ശബ്ദം അനുകരിച്ച് വഴിതെറ്റിയവരെ കൂടുതൽ അപകടത്തിലേക്ക് നയിക്കുമെന്നതാണ് വിശ്വാസം.
പേര് വിളിക്കുന്നതിന് മറുപടി നൽകുന്നത് ആത്മാവിനെ നഷ്ടപ്പെടുത്തുന്നതിനോ ദുഷ്ടാത്മാക്കളുടെ പിടിയിലാകുന്നതിനോ കാരണമാകുമെന്നും ചിലർ കരുതുന്നു. ഈ വിശ്വാസം കാരണമാണ് രക്ഷാപ്രവർത്തകരുടെ ശബ്ദം കേട്ടിട്ടും ഇരുവരും പ്രതികരിക്കാതിരുന്നത്. രക്ഷാസംഘങ്ങളിൽ നിന്ന് അകന്നുപോകാൻ ശ്രമിച്ചതോടെ അവരെ കണ്ടെത്താനുള്ള നിർണായക അവസരങ്ങളും നഷ്ടമായി. അതേസമയം, കുത്തനെയുള്ള മലനിരകളും വഴുക്കലുള്ള പാതകളും രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കി. ഒടുവിൽ മലയുടെ മറുവശത്ത് എത്തിയ രക്ഷാപ്രവർത്തകരോടാണ് ഇരുവരും പ്രതികരിച്ചത്.
സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പ്രതികരണങ്ങളും എത്തി. ചിലർ അന്ധവിശ്വാസത്തെ വിമർശിച്ചപ്പോൾ, സമാനമായ വിശ്വാസങ്ങൾ തങ്ങളുടെ കുടുംബങ്ങളിലും നിലനിൽക്കുന്നുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി. ഹുവൈറോ അഗ്നിരക്ഷാസേന വനമേഖലകളിലേക്ക് ഒറ്റയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്നും അപകടത്തിൽപ്പെടുന്നവർ അന്ധവിശ്വാസങ്ങൾക്ക് വഴങ്ങാതെ ഉടൻ സഹായത്തിനായി ബന്ധപ്പെടണമെന്നും മുന്നറിയിപ്പ് നൽകി.
Summary: Two elderly villagers in Beijing were trapped in the mountains for nearly 30 hours but ignored rescuers’ calls because of a Chinese folk belief that responding to familiar voices in the wilderness could attract dangerous spirits. Rescuers eventually found them after a 17-hour search, prompting a debate online about superstition and safety.




