
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും വിവാഹങ്ങളുടെ തിരക്കേറുന്നു. ഓഗസ്റ്റ് 23-ന് 377 വിവാഹങ്ങളും ഓഗസ്റ്റ് 30-ന് 295 വിവാഹങ്ങളുമാണ് ഇതിനകം ശീട്ടാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഭക്തരുടെ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്തുന്നതിനായി ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു.
അഭൂതപൂർവ്വമായ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ രണ്ട് ദിവസങ്ങളിലും പുലർച്ചെ 4 മണി മുതൽ തന്നെ വിവാഹങ്ങൾ ആരംഭിക്കും. താലികെട്ടിനായി ആറ് മണ്ഡപങ്ങൾ സജ്ജീകരിക്കുകയും ഇതിനായി അധികമായി കോയ്മമാരെയും മംഗളവാദ്യ സംഘത്തെയും നിയോഗിക്കുകയും ചെയ്യും. കൂടാതെ തിരക്ക് ഒഴിവാക്കാൻ ക്ഷേത്രത്തിന്റെ കിഴക്കേ നട പൂർണ്ണമായും വൺവേ ആയി മാറ്റി തിരിച്ചുവിടും.
Also Read:ഓണം സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി; ടിക്കറ്റുകൾ ഓൺലൈനായി എങ്ങനെ ബുക്ക് ചെയ്യാം?
വരനും വധുവും അടങ്ങുന്ന സംഘം നേരത്തെ എത്തി തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിൽ നിന്നും ടോക്കൺ വാങ്ങി അവിടെ വിശ്രമിക്കേണ്ടതാണ്. ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയം വഴി കിഴക്കേ നടയിലെ മണ്ഡപങ്ങളിൽ പ്രവേശിപ്പിക്കും. വിവാഹ ശേഷം സംഘം തെക്കേ നട വഴി മാത്രം പുറത്തുപോകണം. തിരക്ക് മുൻനിർത്തി വധൂവരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ പരമാവധി 24 പേർക്ക് മാത്രമായിരിക്കും മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനം അനുവദിക്കുക.
The post ചിങ്ങത്തിലെ ആദ്യത്തെ രണ്ട് ഞായറാഴ്ചകളിൽ ഗുരുവായൂരിൽ വൻ വിവാഹത്തിരക്ക്; ശീട്ടാക്കിയത് 650-ൽ അധികം കല്യാണങ്ങൾ! appeared first on Express Kerala.




