
ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ ശരിവെച്ച് ലോക്‌സഭാ അന്വേഷണ സമിതി. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത വൻ തുക കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി സമിതി റിപ്പോർട്ട് നൽകി. വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെത്തുക, ഇതിന്മേലുള്ള തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുക, സമിതിക്ക് മുൻപിൽ തെറ്റായതും അവ്യക്തവുമായ വിശദീകരണങ്ങൾ നൽകുക എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. ജഡ്ജിമാരുടെ അന്വേഷണ നിയമം (1968) പ്രകാരം രൂപീകരിച്ച സമിതിയുടെ റിപ്പോർട്ട് ഇന്ന് ലോക്‌സഭയിൽ സമർപ്പിച്ചു.(Justice Yashwant Varma Case, Inquiry Committee Finds Former Judge Guilty)
ഡൽഹി തുഗ്ലക് ക്രെസന്റിലെ ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിലാണ് പണം സൂക്ഷിച്ചിരുന്നത്. 2025 മാർച്ച് 14-15 തീയതികളിൽ ഈ സ്റ്റോർ റൂമിലുണ്ടായ തീപിടുത്തത്തിന് പിന്നാലെയാണ് കള്ളപ്പണ വിവരം പുറത്തുവരുന്നത്. തീ അണയ്ക്കാനെത്തിയ ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥരും പോലീസുമാണ് കരിഞ്ഞതും പകുതി വെന്തതുമായ ലക്ഷക്കണക്കിന് രൂപയുടെ 500-ന്റെ കറൻസി കെട്ടുകൾ ഇവിടെ കണ്ടത്. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളും ഡിജിറ്റൽ തെളിവുകളും സമിതിക്ക് ലഭിച്ചു. സ്റ്റോർ റൂം തന്റെ നിയന്ത്രണത്തിലല്ലെന്ന ജഡ്ജിയുടെ വാദം തള്ളിയ സമിതി, ഔദ്യോഗിക വസതിയുടെ ഭാഗമായ ഈ റൂമിൽ ജഡ്ജിക്ക് പൂർണ്ണ നിയന്ത്രണമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി. കറൻസിയുടെ ഉടമസ്ഥാവകാശം ക്രിമിനൽ നിയമപ്രകാരം പൂർണ്ണമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, ഔദ്യോഗിക വസതിയിൽ നിന്ന് ഇത്രയും തുക കണ്ടെത്തിയതിനെക്കുറിച്ച് തൃപ്തികരമായ മറുപടി നൽകാൻ ജഡ്ജിക്ക് കഴിഞ്ഞിട്ടില്ല.
തീപിടുത്തത്തിന് തൊട്ടുപിന്നാലെ സ്ഥലം കൃത്യമായി സീൽ ചെയ്യുന്നതിലും മഹസർ തയ്യാറാക്കുന്നതിലും പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ട്. എന്നാൽ ഇതിനേക്കാൾ ഗൗരവമായി സമിതി കാണുന്നത്, സംഭവം നടന്നയുടൻ ജസ്റ്റിസ് വർമ്മ തന്റെ ജീവനക്കാരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നതാണ്. ഫയർഫോഴ്സ് മടങ്ങിയതിന് പിന്നാലെ ജഡ്ജിയുടെ പ്രൈവറ്റ് സെക്രട്ടറി രാജീന്ദർ സിംഗ് കാർക്കി, ജീവനക്കാരനായ മുഹമ്മദ് റാഹിൽ എന്നിവർ ചേർന്ന് സ്റ്റോർ റൂം വൃത്തിയാക്കുകയും തെളിവുകൾ മാറ്റുകയും ചെയ്തതായി ദൃക്‌സാക്ഷികൾ മൊഴി നൽകി. തന്റെ അധീനതയിലുള്ള സ്ഥലത്തെ പ്രധാന തെളിവുകൾ സംരക്ഷിക്കുന്നതിൽ ജഡ്ജി പരാജയപ്പെട്ടുവെന്ന് സമിതി വിലയിരുത്തി.
തുടക്കത്തിൽ വസതിയിൽ പണമേ ഉണ്ടായിരുന്നില്ലെന്ന് പൂർണ്ണമായി നിഷേധിച്ച ജസ്റ്റിസ് വർമ്മ, പിന്നീട് കേസ് മുന്നോട്ട് പോയപ്പോൾ പണം പോലീസ് കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെയുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിരോധം മാറ്റി. എന്നാൽ തന്റെ വാദങ്ങൾ സമർത്ഥിക്കുന്ന ഒരു തെളിവും ഹാജരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ അദ്ദേഹം നടപടികളിൽ നിന്ന് പിന്മാറുകയും ചെയ്തു. സ്വതന്ത്ര ഉദ്യോഗസ്ഥർ കണ്ട പണത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാതെ ജഡ്ജി ഒളിച്ചുകളി നടത്തുകയായിരുന്നുവെന്ന് സമിതി റിപ്പോർട്ടിൽ പറയുന്നു.
2025 ഓഗസ്റ്റ് 12-നാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർള ഈ പ്രത്യേക സമിതി രൂപീകരിച്ചത്. സുപ്രീം കോടതി ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ സമിതിയിൽ, സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരായിരുന്നു അംഗങ്ങൾ. 2026 മേയ് 18-നാണ് സമിതി സ്പീക്കർക്ക് റിപ്പോർട്ട് കൈമാറിയത്. 2025 മാർച്ചിലെ ഈ വിവാദത്തിന് പിന്നാലെ ഏപ്രിൽ 10-ന് ജസ്റ്റിസ് യശ്വന്ത് വർമ്മ ജഡ്ജി സ്ഥാനം രാജിവെച്ചിരുന്നു.
Story Summary
The Lok Sabha inquiry committee has found former judge Justice Yashwant Varma guilty on all three charges, including the possession of substantial unexplained currency at his official residence, failure to preserve evidence after a fire incident, and giving evasive explanations. The report was tabled in Parliament today.




