
കൊല്ലം: കൊട്ടാരക്കര മൂഴിക്കോടിൽ സുഹൃത്തിന്റെ വീട്ടിൽ നടന്ന മദ്യസൽക്കാരത്തിനിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് വെട്ടേറ്റു മരിച്ചു. നെല്ലിവിളഭാഗം സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പ്രതിയെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് 12-ന് രാത്രിയിലായിരുന്നു ഈ കൊലപാതകം നടക്കുന്നത്.
പ്രതിയുടെ വീട്ടിൽ വെച്ച് ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടയിലാണ് പെട്ടെന്ന് വാക്കുതർക്കമുണ്ടായത്. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ പ്രതി വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ആദർശിന്റെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെട്ടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ആദർശ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
Also Read: പണം കൊടുത്താൽ ഡോക്ടറേറ്റ് റെഡി! മലയാളികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ തട്ടിപ്പുകാർ പിടിയിൽ!
കൊലപാതകം നടത്തിയ ശേഷം യാതൊരു കൂസലുമില്ലാതെ കഴിഞ്ഞ പ്രതി തന്നെയാണ് മൂന്ന് മണിക്കൂറുകൾക്ക് ശേഷം കൊട്ടാരക്കര പോലീസിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചത്. താനാണ് കൊലപാതകം ചെയ്തതെന്നും തൽക്ഷണം സ്ഥലത്ത് എത്തണമെന്നും പ്രതി പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ പോലീസ് തുടർനടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
The post കൊട്ടാരക്കരയിൽ യുവാവ് വെട്ടേറ്റു മരിച്ചു; പ്രതി പൊലീസിനെ വിളിച്ചുവരുത്തി കീഴടങ്ങി appeared first on Express Kerala.




