
ന്യൂഡൽഹി: പൈലറ്റുമാർക്ക് കർശനമായ ലഹരി പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ. വ്യാഴാഴ്ച മുതൽ എയർ ഇന്ത്യയിലെ മുഴുവൻ പൈലറ്റുമാർക്കും ഈ പരിശോധന ബാധകമായിരിക്കും. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡ് മരിജുവാന ഉപയോഗിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് എയർലൈൻസിന്റെ ഈ അടിയന്തര നടപടി.(Air India Mandates Drug Tests For All Pilots After Phuket Delhi Flight Incident)
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾക്കും അപ്പുറം യാത്രക്കാരുടെ സുരക്ഷിതത്വവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഓഗസ്റ്റ് 4-ന് എയർ ഇന്ത്യയുടെ AI2379 ഫുക്കറ്റ്-ഡൽഹി വിമാനം പറന്നുയരുന്നതിനിടെ പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയും, നാല് ജീവനക്കാർ ഉൾപ്പെടെ 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിമാനം ശക്തമായ ആകാശച്ചുഴിയിൽ പെട്ടതാണെന്നായിരുന്നു എയർ ഇന്ത്യ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് നടത്തിയ വിശദമായ ലഹരി പരിശോധനയിൽ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് മരിജുവാന ഉപയോഗിച്ചിരുന്നതായി വ്യക്തമായി.
എയർ ഇന്ത്യ തങ്ങളുടെ ജീവനക്കാർക്ക് അയച്ച ഇമെയിലിലാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കിയത്. നിയമപ്രകാരം നിരോധിച്ചിട്ടുള്ള ലഹരിവസ്തുക്കളോ മരുന്നുകളോ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള കർശന പരിശോധനയ്ക്ക് എല്ലാ ഗ്രൂപ്പ് പൈലറ്റുമാരും വിധേയരാകണം. ഗുഡ്ഗാവ് അക്കാദമിയിലെ പരിശീലന സമയത്തോ, ഫ്ലൈറ്റ് ബ്രീഫിംഗ് സെന്ററുകളിലും എയർ ഇന്ത്യ ഓഫീസുകളിലും വെച്ചോ, അല്ലെങ്കിൽ പൈലറ്റ് ബേസുകൾ നിശ്ചയിക്കുന്ന പ്രത്യേക സ്ഥലങ്ങളിൽ വെച്ചോ ആയിരിക്കും ഈ സ്ക്രീനിംഗ് നടത്തുക.
Story Summary
Air India has mandated compulsory substance-abuse screening for all its pilots starting August 13. This proactive safety measure follows an incident where the pilot of a Phuket-Delhi flight, which suddenly dropped 300 feet and injured 24 people, tested positive for marijuana.




