
പറവൂർ: എറണാകുളം മുറവന്തുരുത്തിൽ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു (Paravur Suramya murder case). ആലുവ എടത്തല എൻ.എ.ഡി കവല പുറത്തുപാറ വീട്ടിൽ പി.എസ്. സുരമ്യ (24) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ വടക്കേക്കര മുറവന്തുരുത്ത് കോലഞ്ചേരി വീട്ടിൽ ഷിബിനെ (34) പോലീസ് അറസ്റ്റ് ചെയ്തു. പ്രണയപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ 11.30-ഓടെ വടക്കേക്കര മുറവന്തുരുത്തിലെ ഷിബിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. അഞ്ചു വർഷത്തോളമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ നാലു മാസം മുൻപ് അകന്നിരുന്നു. ബന്ധത്തിൽ നിന്ന് പിന്മാറിയ സുരമ്യയുമായി പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞാണ് ഷിബിൻ യുവതിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
സി.എ ട്രെയിനിയായ സുരമ്യ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി ബസ് മാർഗ്ഗം പറവൂരിലെത്തുകയായിരുന്നു. പറവൂരിൽ വെച്ച് ഷിബിൻ യുവതിയെ ബൈക്കിൽ കയറ്റി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ചുണ്ടായ രൂക്ഷമായ തർക്കത്തിനിടെ ഷിബിൻ കത്തിപ്പെടുത്ത് സുരമ്യയുടെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു.
കൃത്യത്തിന് ശേഷം ഷിബിൻ നേരെ വടക്കേക്കര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പോലീസും നാട്ടുകാരും ചേർന്ന് സുരമ്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എടത്തല പഞ്ചായത്തിലെ ഏഴാം വാർഡിൽ ട്വന്റി-20 സ്ഥാനാർത്ഥിയായി സുരമ്യ മത്സരിച്ചിരുന്നു. ശശികുമാറിന്റെയും സബിതയുടെയും മകളാണ്. സഹോദരൻ: സൂരജ്.
Story Summary: Suramya (24), a native of Aluva and a CA trainee, was stabbed to death by her friend Shibin (34) in Muravanthuruthu, Paravur, after she ended their 5-year-old relationship.




