
ഇസ്ലാമാബാദ്: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് നോർവെ (Iran conflict, Pakistan mediation). പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നോർവീജിയൻ വിദേശകാര്യ മന്ത്രി എസ്പെൻ ബാർത്ത് എയ്ഡെ പിന്തുണ അറിയിച്ചത്.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായത്. സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് തുടക്കത്തിൽ തന്നെ വ്യക്തമാക്കിയ പാശ്ചാത്യ രാജ്യങ്ങളിലൊന്നാണ് നോർവെ.
ഇറാന് ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ സ്വയം സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്ന് എയ്ഡെ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സംഘർഷം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ നടത്തുന്ന നയതന്ത്ര ഇടപെടലുകൾക്ക് നോർവെയുടെ പിന്തുണയുണ്ടാകുമെന്നും എയ്ഡെ സൂചിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുന്നത് ആഗോള തലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
അടുത്തിടെ മക്കയിൽ പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവച്ച പ്രതിരോധ കരാറിനെയും നോർവീജിയൻ വിദേശകാര്യ മന്ത്രി സ്വാഗതം ചെയ്തു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ പാകിസ്ഥാൻ സന്ദർശിക്കുന്ന ആദ്യ നോർവീജിയൻ വിദേശകാര്യ മന്ത്രിയാണ് എസ്പെൻ ബാർത്ത് എയ്ഡെ. അദ്ദേഹത്തിന്റെ സന്ദർശനം പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട നയതന്ത്ര നീക്കങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതായാണ് വിലയിരുത്തൽ.
Story Summary:
Norway has backed Pakistan’s diplomatic efforts to restore peace amid the conflict involving Iran, Israel and the United States. Norwegian Foreign Minister Espen Barth Eide expressed support after talks with Pakistan’s Deputy Prime Minister Ishaq Dar.




