
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ഫേസ് 2-ൽ 32-കാരിയായ മേധ പൃഥ്വിരാജ് റോഡപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ നഗരസഭയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ. പ്രദേശത്തെ തകർന്ന റോഡുകളും മോശം അടിസ്ഥാന സൗകര്യങ്ങളും മൂലം ജനങ്ങൾ നേരിടുന്ന ദുരിതമാണ് വർഷങ്ങളായുള്ള രോഷമായി തെരുവിലേക്ക് പടർന്നത്. ഓഗസ്റ്റ് 12ന് നടന്ന അപകടത്തിന് പിന്നാലെ നഗരസഭയുടെ വീഴ്ചകൾക്കെതിരെ അറുന്നൂറോളം പ്രദേശവാസികൾ പങ്കെടുത്ത് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.(Bengaluru Woman Road Accident Death Protests Against Civic Negligence)
അനന്ത് നഗറിലെ വെങ്കിടേശ്വര ക്ഷേത്ര കമാനത്തിന് സമീപം സുഹൃത്തിനോടൊപ്പം ഇരുചക്ര വാഹനത്തിൽ ഓഫിസിലേക്ക് പോകവേയാണ് അപകടം നടന്നത്. മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ തങ്ങളുടെ സ്കൂട്ടറും ബ്രേക്ക് ചെയ്യേണ്ടി വരികയും, വാഹനം തട്ടിവീണ് എതിർദിശയിൽ നിന്ന് വന്ന ചെറിയ ചരക്കുവാഹനം മേധയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. മേധ സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവത്തിന് പിന്നാലെ സ്ഥലം സന്ദർശിക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെയും ബെംഗളൂരു സിറ്റി പോലീസിനെയും പ്രദേശവാസികൾ വളഞ്ഞുവെച്ച് ചോദ്യം ചെയ്തു. അപകടത്തിന് കാരണം തകർന്ന റോഡല്ലെന്നും പെട്ടെന്ന് ബ്രേക്ക് പിടിച്ചതാണെന്നുമാണ് നഗരസഭയുടെ വിശദീകരണം. എന്നാൽ, അടുത്ത കാലത്തായി നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിച്ചിട്ടിരിക്കുന്ന ഇടുങ്ങിയ റോഡുകളും വലിയ കുഴികളുമാണ് ദിവസേനയുള്ള യാത്ര ദുസ്സഹമാക്കുന്നതെന്ന് ജനങ്ങൾ ആരോപിക്കുന്നു. മെട്രോ സ്റ്റേഷനുകളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്ന പ്രധാന റോഡുകളെല്ലാം വലിയ കുഴികൾ നിറഞ്ഞതാണെന്നും, മൺസൂൺ കാലത്ത് പണികൾ ആരംഭിച്ചതും യാത്രാദുരിതം ഇരട്ടിയാക്കിയെന്നും നാട്ടുകാർ പരാതിപ്പെടുന്നു. റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Story Summary
A 32-year-old woman named Medha Prithviraj died in a road accident in Bengaluru’s Electronics City Phase 2 after her two-wheeler skidded and was run over by a goods vehicle. The incident sparked massive public outrage, with around 400 residents holding a candlelight protest and gheraoing municipal and police officials over long-standing issues of poor road infrastructure and civic negligence in the area.




