തീവണ്ടി യാത്രാനുഭവങ്ങളെ വെല്ലുന്ന അത്യാധുനിക സൗകര്യങ്ങളോടെ കെഎസ്‌ആർടിസിയുടെ പുത്തൻ ആഡംബര ബസുകൾ ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കുന്നു. ‘എക്സിക്യൂട്ടീവ് ക്ലാസ്’ എന്ന പുതിയ പേരിൽ എത്തുന്ന ഈ സൂപ്പർ ബസ്, വന്ദേഭാരത് ട്രെയിനുകൾക്ക് സമാന്തരമായിട്ടാണ് നിരത്തിലിറങ്ങുന്നത്. ശുചിമുറി, കഫെറ്റീരിയ, പാന്ട്രി തുടങ്ങിയ വിമാനങ്ങളിലെയും ട്രെയിനുകളിലെയും പോലുള്ള സൗകര്യങ്ങളോടെ എത്തുന്ന ഈ സംരംഭം കേരളത്തിലെ ദീർഘദൂര യാത്രാ ചരിത്രത്തിലെ തന്നെ പുതിയൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്. ആലപ്പുഴ-ബെംഗളൂരു പാതയിലാണ് ഈ കിടിലൻ സർവീസ് ആദ്യം ആരംഭിക്കുന്നത്. ആലപ്പുഴയിൽ വൈകീട്ട് 5.30-ന് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ കെ.സി. വേണുഗോപാൽ എം.പി. ബസ് സർവീസ് ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഓൺലൈൻ ബുക്കിങ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴയിൽ നിന്ന് വൈകീട്ട് 5.30-ന് പുറപ്പെടുന്ന ബസ്, വൈറ്റില, തൃശൂർ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എൽ ആന്റ് ടി ബൈപ്പാസ്, സേലം വഴി പിറ്റേദിവസം രാവിലെ 5.55-ന് ബെംഗളൂരുവിൽ എത്തിച്ചേരും. തിരിച്ചുള്ള യാത്രയിൽ ബെംഗളൂരുവിൽ നിന്ന് രാത്രി 8 മണിക്ക് പുറപ്പെടുന്ന സർവീസ് ഇതേ വഴിയിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ 8 മണിക്ക് ആലപ്പുഴയിൽ തിരിച്ചെത്തും.
ALSO READ;‘ഇന്ത ആട്ടം പോതുമാ’..! നൂറു ദിവസത്തിൽ ഒരു ലക്ഷം കോടിയുടെ നിക്ഷേപം; തമിഴ്നാട്ടിൽ വൻ വിപ്ലവവുമായി ടിവികെ സർക്കാർ
യാത്രക്കാരുടെ സുഖകരമായ യാത്രയ്ക്കായി സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്പെൻഷൻ, അത്യാധുനിക ശുചിമുറി തുടങ്ങിയ സൗകര്യങ്ങളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. ഓരോ നിരയിലും രണ്ട് സീറ്റുകൾ വീതം ക്രമീകരിച്ചിരിക്കുന്ന ഈ ബസിൽ, സീറ്റുകൾക്കു പിന്നിൽ പ്രത്യേകം സ്ക്രീനുകളും നൽകിയിട്ടുണ്ട്. മൊബൈൽ ചാർജിങ് പോയിന്റുകൾ, ബോട്ടിൽ ഹോൾഡർ, ലഗേജ് റാക്ക് എന്നിവയ്ക്ക് പുറമെ യാത്രക്കാർക്കായി ചായ ഉൾപ്പെടെയുള്ള ലഘുഭക്ഷണങ്ങളും പാന്ട്രി വഴി ലഭ്യമാക്കും.
യാത്രക്കാർക്കായി വളരെ ലളിതമായ ബുക്കിങ് സൗകര്യങ്ങളാണ് കെഎസ്‌ആർടിസി ഒരുക്കിയിട്ടുള്ളത്. www.onlineksrtcswift.com എന്ന വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ 9447071021 എന്ന വാട്‌സാപ്പ് നമ്പർ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്രാ മാർഗം, തീയതി, സർവീസ്, സീറ്റ് എന്നിവ തിരഞ്ഞെടുത്ത് ഓൺലൈനായി പണമടയ്ക്കാൻ ഇതിലൂടെ സാധിക്കും. ബുക്കിങ് പൂർത്തിയായാൽ ഇ-ടിക്കറ്റും പിഎൻആർ വിവരങ്ങളും ഇതേ ചാറ്റിൽ തന്നെ ലഭ്യമാകും എന്നത് യാത്രക്കാർക്ക് വലിയൊരു ആശ്വാസമാണ്.
The post ആർക്കൊക്കെ കേറാം..! വന്ദേഭാരതിനെ വെല്ലുന്ന ആഡംബരവുമായി കെഎസ്‌ആർടിസി; ശുചിമുറിയും പാന്ട്രിയുമായി ‘എക്സിക്യൂട്ടീവ് ക്ലാസ്’ ബസ് appeared first on Express Kerala.




