‘ജെൻസി സമരം 12 വർഷത്തെ അടിച്ചമർത്തലിനെതിരായ പ്രതിഷേധം;’ കേന്ദ്രസർക്കാരിനും ആർഎസ്എസിനുമെതിരെ ഐഷി ഘോഷ് | Aishe Ghosh criticises central government and RSS

‘ജെൻസി സമരം 12 വർഷത്തെ അടിച്ചമർത്തലിനെതിരായ പ്രതിഷേധം;’ കേന്ദ്രസർക്കാരിനും ആർഎസ്എസിനുമെതിരെ ഐഷി ഘോഷ് | Aishe Ghosh criticises central government and RSS

Aishe Ghosh

കേന്ദ്ര സർക്കാരിനും ആർഎസ്എസിനുമെതിരെ രൂക്ഷ വിമർശനവുമായി ജെഎൻയു മുൻ യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്. ഭീതിയിൽ നിന്നുള്ള മോചനവും കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവർക്ക് അർഹമായ അവകാശങ്ങൾ ഉറപ്പാക്കുന്നതുമാണ് യഥാർഥ സ്വാതന്ത്ര്യമെന്ന് അവർ പറഞ്ഞു. ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് കമ്മിറ്റി വിഴിഞ്ഞത്ത് സംഘടിപ്പിച്ച ‘യങ് ഇന്ത്യ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഐഷി ഘോഷ്. (Aishe Ghosh criticises central government and RSS)

രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അന്നത്തെ വാഗ്ദാനങ്ങൾ പൂർണമായി നടപ്പാക്കാനായിട്ടില്ലെന്ന് ഐഷി പറഞ്ഞു. പുന്നപ്ര-വയലാർ ഉൾപ്പെടെയുള്ള കേരളത്തിലെ സമരങ്ങൾ ചൂണ്ടിക്കാട്ടിയ അവർ, കൂട്ടായ പ്രവർത്തനങ്ങളുടെയും ജനകീയ പോരാട്ടങ്ങളുടെയും ചരിത്രമാണ് രാജ്യത്തിനുള്ളതെന്നും അഭിപ്രായപ്പെട്ടു. ആർഎസ്എസിന്റെ നേതൃത്വത്തിൽ ഈ ചരിത്രവും മൂല്യങ്ങളും തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഐഷി ഘോഷ് പറഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടന്ന ‘ജെൻസി’ സമരം പെട്ടെന്നുണ്ടായ ഒന്നല്ലെന്നും കഴിഞ്ഞ 12 വർഷത്തെ കേന്ദ്ര സർക്കാരിന്റെ അടിച്ചമർത്തലുകൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നുവെന്നും അവർ വ്യക്തമാക്കി.

മതേതരത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന കേരള മാതൃക രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഐഷി പറഞ്ഞു. ബിജെപിയും ആർഎസ്എസും രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അവർ ആരോപിച്ചു. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടയിലും ഉമർ ഖാലിദ് ഉൾപ്പെടെയുള്ള വിദ്യാർഥികൾ ജയിലിൽ കഴിയുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ അവർ, യുവാക്കൾക്ക് തൊഴിലും മെച്ചപ്പെട്ട സാമൂഹിക സാഹചര്യങ്ങളും ഉറപ്പാക്കുന്നതും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ടു. കർഷകർക്ക് ന്യായമായ പ്രതിഫലവും സ്ത്രീകൾക്ക് സുരക്ഷയും അവകാശങ്ങളും യുവാക്കൾക്ക് തൊഴിലും ഉറപ്പാക്കുന്ന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കേണ്ടതുണ്ടെന്നും ഐഷി ഘോഷ് പറഞ്ഞു. കർഷകരെയും യുവാക്കളെയും ചൂഷണം ചെയ്യുന്ന ഭരണകൂട നയങ്ങളെ ചോദ്യം ചെയ്യണമെന്നും അവർ ആഹ്വാനം ചെയ്തു.

‘ആസാദി’ എന്നത് ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം മാത്രമല്ലെന്നും ഭീതിയിൽ നിന്ന് സ്വതന്ത്രരാകുന്നതാണ് യഥാർഥ സ്വാതന്ത്ര്യമെന്നും ഐഷി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ‘ദിമാഗി നക്സൽ’ പരാമർശത്തെയും അവർ വിമർശിച്ചു. സ്വതന്ത്രമായി ചിന്തിക്കുന്ന യുവാക്കളെ അപമാനിക്കുന്നതാണ് ഇത്തരം പരാമർശങ്ങളെന്നും ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും ഐഷി ഘോഷ് വ്യക്തമാക്കി.

See also  ഷൂട്ടിംഗ് സെറ്റിൽ ഭാര്യയെത്തിയ ആ ഞെട്ടിക്കുന്ന അനുഭവം; ഗോവിന്ദ-കരിഷ്മ പ്രണയകഥ തുറന്നുപറഞ്ഞ് ഷാഗുഫ്ത!

Summary: SFI leader and former JNU student union president Aishe Ghosh criticised the central government and RSS while speaking at a DYFI Independence Day event in Vizhinjam. She described the ‘Jency’ protest against alleged NEET irregularities as part of a larger resistance to what she termed 12 years of central government repression.

Spread the love
Scroll to Top