
ബെംഗളൂരു: ട്രാഫിക് ഡ്യൂട്ടിക്കിടെ വനിതാ സബ് ഇൻസ്‌പെക്ടറെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ നിയമ വിദ്യാർത്ഥിയുൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരു കെ.ആർ പുരം ട്രാഫിക് സ്റ്റേഷനിലെ വനിതാ എസ്.ഐ നയന ഡി. നൽകിയ പരാതിയിലാണ് കേസ്. ഓഗസ്റ്റ് 12-ന് ഭട്ടരഹള്ളി സിഗ്നലിന് സമീപമായിരുന്നു സംഭവം. അതേസമയം, തർക്കത്തിനിടെ എസ്.ഐ നയന നിയമ വിദ്യാർത്ഥിയുടെ കോളറിൽ പിടിച്ചു തള്ളുകയും കരണത്തടിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.(Bengaluru Traffic WPSI Slaps Law Student After Altercation Case Registered Against Four)
ഓഗസ്റ്റ് 12-ന് രാവിലെ 8.45-ഓടെ ഹേമന്ത് എന്ന നിയമ വിദ്യാർത്ഥിയും ശ്രേയസ് എന്ന കാർ ഡ്രൈവറും തമ്മിൽ റോഡിൽ വെച്ച് വാക്കുതർക്കമുണ്ടാകുകയും ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തു. വാഹനം മാറ്റി ഗതാഗതം സുഗമമാക്കാൻ ആവശ്യപ്പെട്ട ട്രാഫിക് കോൺസ്റ്റബിൾ മഞ്ജുനാഥിനോട് ഹേമന്ത് അസഭ്യം പറഞ്ഞു. തുടർന്ന് ഇടപെട്ട വനിതാ എസ്.ഐയോടും ഇയാൾ താൻ അഭിഭാഷകനാണെന്ന് പറഞ്ഞ് മോശമായി പെരുമാറുകയായിരുന്നു.
ഹേമന്തിന്റെ അശ്ലീല അധിക്ഷേപമാണ് എസ്.ഐയുടെ പ്രകോപനത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്നു. ഇതിനിടെ ഹേമന്തിന്റെ സുഹൃത്ത് രാഹുൽ സ്ഥലത്തെത്തി എസ്.ഐയുടെ കൈ പിടിച്ച് തിരിക്കുകയും മർദ്ദിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച എസ്.ഐയുടെ വിരലിന് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ഹേമന്തിന്റെ സഹോദരൻ ഹർഷിത് റെഡ്ഡിയും പിതാവ് രാധാകൃഷ്ണ റെഡ്ഡിയും മറ്റ് ചിലരും സ്ഥലത്തെത്തി എസ്.ഐയെ ബോഡി ഷെയിമിംഗ് നടത്തുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. കെ.ആർ പുരം പൊലീസ് ഹേമന്ത് റെഡ്ഡി, രാഹുൽ, ഹർഷിത് റെഡ്ഡി, രാധാകൃഷ്ണ റെഡ്ഡി എന്നിവർക്കെതിരെ ബി.എൻ.എസ് (BNS) വകുപ്പുകൾ 74, 121, 132 പ്രകാരം കേസെടുത്ത് നോട്ടീസ് അയച്ചിട്ടുണ്ട്.
Story Summary
A Karnataka woman traffic police sub-inspector registered an FIR against a law student and three others for allegedly assaulting her and obstructing duty in Bengaluru. The complaint came after a video went viral showing the officer slapping the student following a road rage argument.




