
ചെന്നൈ: തമിഴ്‌നാട്ടിൽ 70 വയസ്സും അതിനുമുകളിൽ പ്രായമുള്ളതുമായ മുഴുവൻ മുതിർന്ന പൗരന്മാർക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ‘മുഖ്യമന്ത്രിയുടെ വയോജന ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ പ്രഖ്യാപിച്ചു. വരുമാന പരിധിയില്ലാതെ ഏകദേശം 38 ലക്ഷത്തോളം മുതിർന്ന പൗരന്മാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. തമിഴ്‌നാട് നിയമസഭയിൽ ആരോഗ്യവകുപ്പ് മന്ത്രി കെ.ജി. അരുൺരാജാണ് പദ്ധതി പ്രഖ്യാപിച്ചത്.(Tamil Nadu Announces Free Health Insurance Scheme For Senior Citizens Aged 70 And Above)
വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള ഗുരുതര രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ തുടങ്ങിയവയ്ക്ക് പദ്ധതിയിലൂടെ സൗജന്യ ചികിത്സ ലഭ്യമാകും. സർക്കാർ ആശുപത്രികൾക്ക് പുറമെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്വകാര്യ ആശുപത്രികൾ വഴിയും ഈ ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത്, തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവയുമായി സംയോജിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുക. നിലവിൽ കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപ നിരക്കിൽ 1.45 കോടി കുടുംബങ്ങൾക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുണ്ട്. കൂടാതെ, അവയവം മാറ്റിവെക്കൽ, കോക്ലിയർ ഇംപ്ലാന്റേഷൻ തുടങ്ങിയ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കായി പ്രത്യേക ഫണ്ടിൽ നിന്ന് 23 ലക്ഷം രൂപ വരെ സഹായം നൽകുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Story Summary
The Tamil Nadu government has announced the ‘Chief Minister’s Elderly Health Insurance Scheme’ providing free, cashless medical treatment for around 38 lakh residents aged 70 and above, with no income eligibility cap. Health Minister KG Arunraj introduced the scheme in the State Assembly, highlighting coverage for chronic illnesses, cardiac care, and organ transplants in both government and empanelled private hospitals, with funding support dovetailed alongside existing state and central health insurance schemes.




